Pages

Friday 25 May 2012

കുരുവിയും കല്യാണനിശ്ചയവും പിന്നെ ഞങ്ങളും....   
        

കുരുവി  ചേച്ചിയുടെ കല്യാണ നിശ്ചയം ആണ് മാര്‍ച്ച്‌ 18 ന്... കാത്തു കാത്തു കൊതിച്ചിരുന്ന ആ ദിവസം അങ്ങനെ വരുന്നു... കുരുവി ചേച്ചിയെക്കാളും ഞങ്ങള്‍ക്കാണ് സന്തോഷം ... മാധവേട്ടനും നീതുചേച്ചിയും (നീതുറാണി), ഞങ്ങളുടെ ലവിംഗ് കപ്പിള്‍സ് അങ്ങനെ ഒഫീഷ്യലി എന്‍ഗേജ്ട് ആകുന്നു... എല്ലാരും ഹാപ്പി .. അപ്പൊ എങ്ങനാ നമുക്ക് കുരുവീടെ നിശ്ചയത്തിനു പോകണ്ടേ???

മാര്‍ച്ച്‌ 17 രാവിലെ തന്നെ എന്‍റെ കൂതറ ഗാങ്ങിലെ എല്ലാരും നേരത്തെ ഓഫീസില്‍ എത്തി... 12 . 55 ന്റെ KK എക്സ്പ്രസ്സിന് പോകണം ... പണി എടുക്കാനായിട്ടു ഇത് വരെ ഓഫീസില്‍ നേരത്തെ എത്തിയിട്ടില്ല .... ഉച്ചക്ക് ഇറങ്ങേണ്ടത് കൊണ്ട് മാത്രം ആണ് ഈ പുതിയ ആചാരം ... വലിയ ബാഗും പുതുതായി തുന്നിയ ഉടുപ്പുകളും ഒക്കെ എടുത്തു ഫ്രീക് ആയിട്ടാണ് എല്ലാരും വന്നിരിക്കുന്നത്...

 ഞങളുടെ കൂട്ടത്തില്‍ ഏറ്റവും സീരിയസ് ആയി കോമഡി പറയുന്ന KP ചേച്ചി (നീതുപ്രഭ), വീട്ടിലെ എന്തോ ആവശ്യത്തിനു രണ്ടു ദിവസം മുന്‍പേ തൃശ്ശൂരിനു പോയി... ബാക്കി ഉള്ള എന്നെയും ഞങ്ങളുടെ പ്രിയപ്പെട്ട " Thunderbolt " അനിജയെയും എവിടെയും മിസ്സ്‌ ആകാതെ, എങ്ങനെ എങ്കിലും ട്രെയിനില്‍ എല്ലാര്ക്കും ഒന്ന് കയറി പറ്റണം എന്നതാണ് അജിത്തേട്ടന്റെയും  പാറു ചേച്ചിയുടെയും പിന്നെ കുക്ക്രൂസേട്ടന്റെ  ലലനാമണിയായ ഭാര്യ സോണി ചേച്ചിയുടെയും  അന്നത്തെ ചിന്താവിഷയം ...

ഏതായാലും ഞാന്‍ രാവിലെ തന്നെ സുമുഖനും സര്‍വോപരി എനിക്ക് പ്രിയപ്പെട്ടവനുമായ എന്‍റെ ടീം ലീഡര്‍ന്‍റെ അടുത്ത് ഉച്ചക്ക് ഇറങ്ങുന്നതിനുള്ള അനുവാദം വാങ്ങാന്‍ ചെന്നു.... വളരെ നേരത്തിനു ശേഷം എനിക്ക് മനസ്സിലായ ഒരേ ഒരു കാര്യം, ഇതിലും ഭേദം ഞാന്‍ വല്ല ട്രെയിനിനും തല വെക്കുന്നതായിരുന്നു എന്നതാണ് ... ആവശ്യത്തിനുള്ളത് വയറു നിറച്ചു വാങ്ങിയിട്ട് ഞാന്‍ മര്യാദയ്ക്ക് എന്‍റെ സീറ്റില്‍ പോയി ഇരുന്നു... പോകുന്ന വഴി സോണി ചേച്ചിയോടും പാറു ചേച്ചിയോടും എന്‍റെ കദന കഥ പറയാനും മറന്നില്ല ... 

 "ശോ .... ഇനി എന്ത് ചെയ്യും ?? ആ കുറച്ചു കഴിഞ്ഞു ഒന്നൂടെ നമുക്ക് ചോദിച്ചു നോക്കാമേടീ"  എന്നുള്ള ആശ്വാസവാക്കുകളും കേട്ട് , ഇളിഭ്യയായി വിഷണ്ണയായി ഏകാന്തയായി ഞാന്‍ നിന്നു... അവസാനം കൃത്യം 12 മണിക്ക് എല്ലാരും ഇറങ്ങാന്‍ റെഡി ആയപ്പോള്‍ അതാ വരുന്നു പാറു ചേച്ചിക്ക് അനിയുടെ കാള്‍ ... "ചേച്ചി .... സുകു ചേച്ചിയോട് ഇങ്ങോട്ടൊന്നു പെട്ടന്ന് വരാന്‍ പറയാമോ?? വേഗം വരണേന്നു പറ  ...." എന്നോട് അനിയുടെ കൂടെ വരാന്‍ പറഞ്ഞു, ബാഗും എടുത്തു ചേച്ചിമാര്‍ ധനലക്ഷ്മി ATM ലേക്ക് പോകാന്‍ ഒരുങ്ങി.... 

"പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട" എന്ന് കേട്ടിട്ടേ ഉള്ളു .... അവളുടെ അടുത്ത്  ചെന്നപ്പോള്‍  ഞാന്‍ അത് കണ്ടു... ഒരു MS EXCEL ഷീറ്റും തുറന്നു വെച്ചോണ്ട് കണ്ണും മിഴിച്ചു അനി ഇരിക്കുന്നു... അറിയാവുന്ന പോലെ എന്തൊക്കെയോ ചെയ്തു വെച്ച് , അവളുടെ സാറിന് മെയിലും അയച്ചു ഞങ്ങള്‍ ഓഫീസില്‍ നിന്നും ഓടി ഇറങ്ങി ... ആരും ഞങ്ങളെ കാണല്ലേ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചു നേരെ ഇറങ്ങി ചെന്നപ്പോള്‍ അതാ 2D  ടീം ലീഡ് മഞ്ജിത്തിന്‍റെ വക കമന്‍റ് " അല്ലാ... E -Learning ല്‍ ഇന്ന് ഉച്ച കഴിഞ്ഞു അവധിയാണോ ??? " :P 

സമയം 12.30 നോട് അടുത്തതിനാലും , KK  കായംകുളത്ത് ഒരു മിനിറ്റ് പോലും നിര്‍ത്തിയിടില്ല എന്ന സത്യം ഞങ്ങള്‍ക്ക് അറിയാവുന്നതിനാലും ആ വൈകിയ വേളയില്‍ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചിട്ട് ഞങള്‍ ചേച്ചിമാരുടെ അടുത്തേക്ക് ഓടി... അജിത്തേട്ടന്‍ വിളിച്ചു കൊണ്ട് വന്ന ഓട്ടോയില്‍ എല്ലാരും തിങ്ങി ഞെരുങ്ങി ഇരുന്നു യാത്ര ചെയുന്നു.. ഇടയ്ക്കിടയ്ക്ക് ടെന്‍ഷന്‍ അടിച്ചു വാച്ച് നോക്കുന്നുമുണ്ട് ... ഞങ്ങളില്‍ ആരോ ഒരാള്‍ ഓട്ടോ ഡ്രൈവറിനോട്, "കുറച്ചൂടെ സ്പീഡില്‍ പോകാമോ ചേട്ടാ ? "എന്ന് ചോദിച്ചതിന് പകരമായി ആ മാന്യ അദ്ദേഹം എത്രയും സ്പീഡ് കുറയ്ക്കാമോ അത്രയും കുറച്ചു വളരെ സാവധാനം റോഡിനു നോവാത്ത വിധം ഓട്ടോ ഓടിച്ചു കൊണ്ടിരുന്നു...

@ KK Express 

എന്തിനു അധികം പറയണം ? ഞങ്ങളും KK യും റെയില്‍വേ സ്റ്റേഷനില്‍ ഒന്നിച്ചു എത്തി എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് എളുപ്പം മനസിലാകും ... അജിത്തേട്ടനോട് ടിക്കറ്റ്‌ എടുക്കാന്‍ പറഞ്ഞു ഞങ്ങള്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് മേല്‍പ്പാലം വഴി ഓടിക്കേറി... ഏതായാലും ട്രെയിന്‍ വിടുന്നതിനു മുന്‍പ് തന്നെ അജിത്തേട്ടന്‍ എങ്ങനെയോ അതില്‍ കയറി പറ്റി. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും സ്ലീപ്പറിന്‍റെ ഉള്ളിലൂടെ നടന്നു സീറ്റിനു വേണ്ടി ഒരു അന്വേഷണമായി... അണച്ച് അണച്ച് നടക്കുന്നതിനിടയില്‍ എത്ര എത്ര ബുള്‍ഗാന്‍ എനിക്ക് നഷ്ടപ്പെട്ടു എന്ന് അറിയാമോ ??  ആ പോട്ടെ... എത്ര എണ്ണം ഇനി വരാന്‍ ഇരിക്കുന്നു ;)

ഒടുവില്‍ നടന്നു നടന്നു എല്ലാര്ക്കും കൂടി ഇരിക്കാന്‍ പറ്റുന്ന സീറ്റ്‌ കിട്ടി .. അപ്പോഴാണ്  അജിത്തേട്ടന്‍ ടിക്കറ്റില്‍ എന്തോ മിസ്‌റ്റെക് ഉണ്ടെന്നു പറയുന്നത് ... ഏതോ കോച്ചില്‍  ഒരു TTR  കണ്ടത് പോലെ തോന്നിയത് കൊണ്ട് പാറു ചേച്ചിയും സോണി ചേച്ചിയും, വന്ന വഴിയെ ടിക്കെറ്റും എടുത്തു തിരിച്ചു നടന്നു... വിശപ്പാണെങ്കില്‍ തീരെ സഹിക്കാന്‍ വയ്യ ... ബാഗില്‍ കയ്യിട്ടു നോക്കിയപ്പോള്‍ ഒരു ചെറിയ ഓറഞ്ച് കിട്ടി ... ഇതെങ്കില്‍ ഇതെന്ന മട്ടില്‍ ഞാനും അനിയും അതിനിട്ടു പിടി തുടങ്ങി .. ഒരു കുഞ്ഞു കഷ്ണം ചേട്ടനും കൊടുത്തു... അജിത്തേട്ടന്‍ ചില പ്രധാന കാര്യങ്ങള്‍ സാധിക്കുന്നതിനായി ഒരു സ്ഥലം വരെ പോയി... അങ്ങനെ ഞങ്ങള്‍ രണ്ടു പേരും മാത്രം..

 " അബദ്ധം " എന്ന വാക്ക് ഞങളുടെ നിഖണ്ടുവില്‍ ഇല്ലാത്തതു കൊണ്ട് ഞങള്‍ എന്ത് ചെയ്താലും അത് അബദ്ധമാണോ എന്ന കന്ഫ്യുഷനില്‍ എത്തി നില്‍ക്കും .. ഓറഞ്ച് ഒക്കെ കഴിച്ചു അങ്ങനെ ഇരിക്കുമ്പോഴാണ് എവിടെ നിന്നോ ഒരു TTR  ഞങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു... 

TTR : ടിക്കറ്റ്‌ എവിടെ ???

അനി എന്നെ ചൂണ്ടി കാണിച്ചു കൊടുത്തു ..

ഞാന്‍ : ( ചേച്ചിമാര്‍ പോയ വഴിയെ കൈ ചൂണ്ടി കൊണ്ട് ) അങ്ങോട്ട്‌ പോയി ... അല്ലാ ഇപ്പോ വരും .... പാലക്കാട്‌ ഇറങ്ങും ....

TTR  :  #$#@@!&*%$#@

അനി : അയ്യോ ... ഞങളുടെ  കൂടെ ഉള്ളവര്‍ അപ്പുറത്തെ കോച്ചിലെ TTR നെ കാണാന്‍ അങ്ങോട്ട്‌ പോയി ... അവരുടെ കയ്യിലാണ് ടിക്കറ്റ്‌ .. വരുമ്പോള്‍ കാണിക്കാം... 

ഞാന്‍ അന്തംവിട്ടു കണ്ണ് മിഴിച്ചു അനിയെ നോക്കി... ഭാഗ്യം കറക്റ്റ് ടൈമില്‍ അവളുടെ ബുദ്ധി വര്‍ക്ക് ഔട്ട്‌ ആയല്ലോ... ഇല്ലെങ്കില്‍ ട്രെയിനില്‍ നിന്നും ഇറക്കി വിടും.. പിന്നെ കല്യാണനിശ്ചയം , മലമ്പുഴ ട്രിപ്പ്‌ എല്ലാം കുളമാകും .... എന്‍റെ ആത്മഗതം ഇങ്ങനെ പോകുമ്പോള്‍ TTR തുടര്‍ന്നു....

TTR : ശരി ശരി .. ഇത് റിസര്‍വേഷന്‍ കോച്ച് ആണ് .. പാലക്കാട്‌ ഇറങ്ങുന്നവര്‍ അപ്പുറത്തെ കോച്ചില്‍  പോയി ഇരിക്കണം ... കൂടെ ഉള്ളവര്‍ വരുമ്പോള്‍ പറഞ്ഞേക്കണം ...

ഇത്രയും പറഞ്ഞു എന്നെ ഒന്ന് നോക്കിയിട്ട് പുള്ളി അപ്പുറത്തേക്ക് മാറി...  അങ്ങേരു പോയി എന്ന് ഉറപ്പായതും ഞങള്‍ രണ്ടു പേരും  ചില്ല് പാത്രം തറയില്‍ വീഴുന്ന പോലെ ഒറ്റ ചിരി ആയിരുന്നു... "ചേച്ചി ടിക്കറ്റ്‌ എങ്ങോട്ട് പോയെന്നാ പറഞ്ഞത് ?? അങ്ങോട്ടോ ?? ഇങ്ങോട്ടോ ?? " അനി എന്നെ കളിയാക്കി കൊണ്ടിരുന്നു... സ്വതവേ ട്യൂബ് ലൈറ്റ് ആയ അവള്‍ക്കു എങ്ങനെ ബുദ്ധി ഉദിച്ചു എന്ന് ഞാന്‍ ആലോചിച്ചു കൊണ്ടിരിക്കേ ടിക്കറ്റ്‌ കറക്റ്റ് ചെയ്തു ചേച്ചിമാരും, എവിടെയോ പോയ അജിത്തേട്ടനും മടങ്ങി എത്തി ... പിന്നെ അവരുടെ വക ..." എന്നാലും സുകു .. ഇത്രയും വേണ്ടായിരുന്നെടീ..."

തൊലിക്കട്ടിയുടെ കാര്യത്തില്‍ കാണ്ടാമൃഗം തോല്‍ക്കുന്ന എന്നോടാ അവരുടെ ഈ വക കമന്റുകള്‍ ... ഏതായാലും അവിടുന്ന് അടുത്ത കമ്പാര്‍ട്ട്മെന്റിലേക്കു ഉള്ള യാത്രയില്‍ എവിടെയെങ്കിലും എന്തെങ്കിലും തടയുമോ എന്ന് നോക്കിയാ ഞാനും അനിയും നടക്കുന്നത്.... അങ്ങനെ എല്ലാര്ക്കും ഒന്നിച്ചിരിക്കാവുന്ന പോലെ ഒരു സീറ്റ്‌ കിട്ടി... അവിടെ ഞങള്‍ എല്ലാരും വിശന്നു പൊരിഞ്ഞ വയറുമായി, പാലക്കാട്‌ ചെന്നിറങ്ങിയിട്ടു ചെയേണ്ട ഓരോ കാര്യങ്ങളെ പറ്റിയും കിനാവ്‌ കണ്ടു കൊണ്ടിരുന്നു ... സോണി ചേച്ചി ആണെങ്കില്‍ തന്‍ പ്രാണനാഥന്‍ കുക്ക്രൂസ് എന്ന കുര്യാക്കോസ് ചേട്ടനെ കാണുന്നതിലുള്ള സന്തോഷത്തിലും മുഴുകി... 

ഞങള്‍ ഇരിക്കുന്നതിന്റെ തൊട്ടടുത്ത്‌ ഒരു അമ്മയും മകനും ആണ് ഇരിക്കുന്നത്. ആ ചെക്കനെ കണ്ടപ്പോള്‍ മുതല്‍ അനിക്ക് അത് അവളുടെ ഫ്രണ്ട് ആണോന്നൊരു ഡൌട്ട്... ആരെ കണ്ടാലും ഇങ്ങനെ ഡൌട്ട് ഉള്ളത് കൊണ്ട് ഞങള്‍ ആരും അവളെ മൈന്‍ഡ് ചെയ്യുന്നതേ ഇല്ലാ..ആ ചെക്കനെ നോക്കി നോക്കി അവസാനം അവന്‍റെ അമ്മ ഇങ്ങോട്ട് നോക്കി തുടങ്ങിയപ്പോള്‍ ... അവള്‍ നമ്മുടെ കോമണ്‍ ഡയലോഗ് തുടങ്ങി ... " ആന്‍റിയെ എവിടെയോ കണ്ടത് പോലെ ... കൂടെ ഉള്ളത് മോനാണോ ?? " വളരെ അധികം ഗൌരവത്തില്‍ ഇരുന്ന ആന്‍റി അതേ ഗൌരവത്തില്‍ തന്നെ മറുപടിയും പറഞ്ഞു .... അങ്ങനെ കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വകയിലെ ഒരു പരിചയക്കാരി ആണെന്ന് ഞങ്ങള്‍ എല്ലാരും മനസിലാക്കി... ഭാഗ്യം, അങ്ങനെ അവിടെ നിന്നും അടി കിട്ടിയില്ല ;) ....

 ചങ്ങനാശ്ശേരി വരെ അവരുടെ അടുത്ത് കത്തി വെച്ച് ഇരുന്നു , മകനെയും വെറുതെ വിട്ടില്ല കേട്ടോ ... അങ്ങനെ ആന്‍റി ഗൌരവം ഒക്കെ മാറ്റി വെച്ച്, ഇറങ്ങാറായപ്പോള്‍ ഒരു നല്ല ചിരിയോടെ യാത്ര പറഞ്ഞു പോയി ... ചങ്ങനാശ്ശേരി വിട്ടപ്പോള്‍ മുതല്‍ വിശക്കുന്നുണ്ടോ എന്ന് ഒരു സംശയം... വിശക്കുന്നുണ്ട് കേട്ടോ ... അവസാനം വിശപ്പിന്റെ വിളി സഹിക്കാന്‍ വയ്യാതെ എല്ലാരും ഓരോ മീല്‍സ് പാക്കറ്റ് വാങ്ങി... കൈ കഴുകണമല്ലോ?? എഴുന്നേറ്റാല്‍ സീറ്റ്‌ പോകുന്ന കാര്യം ഉറപ്പാണ്‌.. അതുകൊണ്ട് ഞാനും അനിയും ജനലില്‍ കൂടി കൈ കഴുകാമെന്ന് തീരുമാനിച്ചു ...

ജനലിന്റെ അടുത്തിരിക്കുന്ന ഞങള്‍ ഇറങ്ങി പോയി കൈ കഴുകുമ്പോള്‍, മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഓര്‍ത്തു, എപ്പോഴും ഉപദേശിക്കാറുള്ള സോണി ചേച്ചിയും അങ്ങ് കണ്ണടച്ചു...അവിടെ ഇരുന്ന ഒരു കുപ്പിയിലെ ( ആരുടെ ആണെന്ന് അറിയില്ല കേട്ടോ ) വെള്ളമെടുത്തു കൈ കഴുകാന്‍ തീരുമാനിച്ചു ... കൈ നീട്ടിയതും കുപ്പി തുറന്നതും മാത്രം ഓര്‍മയുണ്ട്... എതിരെ ഇരുന്ന അജിത്തേട്ടനും പാറു ചേച്ചിയും ഏതായാലും ഞങള്‍ കൈ കഴുകി കഴിഞ്ഞപ്പോഴേക്കും നനഞു കുളിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ ... ഒരു 5 മിനിറ്റ് തികഞ്ഞില്ല ... മുകളിലെ ബര്‍ത്തില്‍ ഉറങ്ങി കിടന്ന ഒരു തമിഴന്‍ അങ്കിള്‍ എന്നോട് ആ ബോട്ടില്‍ ഒന്ന് എടുത്തു കൊടുക്കാമോ? വെള്ളം കുടിക്കാനാണ് എന്ന് പറഞ്ഞു ...

വെറും 5  മിനിറ്റ്  മുന്‍പായിരുന്നു ആ മനുഷ്യന്‍ എഴുന്നേറ്റതെങ്കില്‍ സംഭവിക്കുമായിരുന്ന പുകില്‍ ഓര്‍ത്തു കണ്ണ് മിഴിച്ചു ശ്വാസം വിടാതെ ഞാന്‍ ആ കുപ്പി എടുത്തു മുകളിലേക്ക് കൊടുത്തു ... മറ്റു യാത്രക്കാരും എന്‍റെ കൂട്ടുകാരും കടിച്ചു പിടിച്ചു ചിരിക്കുന്നു ... അനിയുടെ മുഖത്ത് ഞെട്ടല്‍ എന്ന വികാരം മാത്രം ... ഏതായാലും പൊതി അഴിച്ചു ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങി... ചോറ് വേണ്ട എന്ന് പറഞ്ഞ സോണി ചേച്ചിക്ക് ഞങളുടെ ആക്രാന്തം കണ്ടപ്പോള്‍ കഴിച്ചാലോ എന്ന് തോന്നിയിട്ട്... അല്ലാ അതൊരു തോന്നല്‍ മാത്രമായിരുന്നില്ല ... കഴിക്കാന്‍ ഞങ്ങളുടെ കൂടെ കൂടുകയും ചെയ്തു ... കൈ കഴുകാറായപ്പോഴേക്കും വണ്ടി കോട്ടയം റെയില്‍വേ സ്റ്റേഷന്‍ എത്തി ...

ഇനി വിനീതേട്ടന്റെ എന്‍ട്രി ആണ്...  ഒരു ചളി വീരന്‍ ആണ് കേട്ടോ കക്ഷി ... പാലക്കാട്‌ വരെ ബോര്‍ അടിക്കാതെ സുഖമായി ചളി അടിച്ചു അങ്ങ് പോകാം എന്ന് ഉത്സാഹത്തോടെ ഓര്‍ത്തു വിനീതേട്ടനെയും നോക്കി ഇരിക്കുന്നു ഞങ്ങള്‍ എല്ലാരും.... ബര്‍ത്തില്‍ കിടന്ന അങ്കിള്‍ ഞങളുടെ ബഹളം കാരണം ഉറങ്ങാന്‍ പറ്റാതെ താഴെ ഇറങ്ങി ഇരുന്നു ... ഇടയ്ക്കിടയ്ക്ക് കൈ കഴുകാതെ മീല്‍സ് പാക്കറ്റും പിടിച്ചിരിക്കുന്ന എന്നെയും അനിയെയും നോക്കുന്നുമുണ്ട് ... ഇതിലൊന്നും ശ്രദ്ധിക്കാതെ തല പുറത്തേക്കിട്ടു വിനീതേട്ടനെയും പ്രതീക്ഷിച്ചിരിക്കുകയാണ് ഞങ്ങള്‍ ... അവസാനം ആള്‍ എത്തി.... "ഹായ് ... അല്ലാ ഇതാരൊക്കെയാ ?? " തുടങ്ങിയ സംഭാഷണങ്ങള്‍ക്ക് ഒടുവില്‍ സീറ്റില്‍ ഇരുന്നു കത്തി തുടങ്ങി ... കത്തി അല്ലാ കൊടുവാള്‍ :P ...

ആ തമിഴന്‍ അങ്കിളിന് എന്നെ വല്ലാതെ അങ്ങ് പിടിച്ചു പോയി .. ഹോ ആ ഉണ്ട കണ്ണും കപ്പടാ മീശയും തടിച്ച ശരീരവും ഒക്കെ കുടി കണ്ടാല്‍ ഏതു പെണ്ണും ബോധംകെട്ടു വീഴും ... എന്നാലും ഒരു പാവം മനുഷ്യനാ കേട്ടോ ... ആ അങ്കിളിന് ഞാന്‍ ഇപ്പൊ മീല്‍സ്പാക്കറ്റ് ജനലിനു പുറത്തൂടെ കളയണം .. ഇല്ലെന്നു ഞാനും ... മലയാളവും തമിഴും ഒക്കെ കൂട്ടി കലര്‍ത്തി പുള്ളിക്കാരന്‍ തകര്‍ത്തു തുടങ്ങി , "കീളെ വീണോളും പ്രച്ചനം ഒന്നുമില്ലൈ..." ഞാന്‍ നല്ല ഒന്നാന്തരം കോട്ടയം ഭാഷയില്‍ " ഓ എന്നാത്തിനാ... പിന്നെ ഞാന്‍ കളയാന്നേ " എന്ന് തിരിച്ചു കാച്ചി.... ഇഷ്ടപെട്ടില്ല, അത് അങ്ങേര്‍ക്കു തീരെ ഇഷ്ടപ്പെട്ടില്ല .....എന്നെ പുള്ളിക്കാരന്‍ ഇടയ്ക്കിടയ്ക്ക് നോക്കി പേടിപ്പിക്കും ... എന്നിട്ട് ബാക്കി എല്ലാരോടും ഭയങ്കര സംസാരം ..

ഞാനും മൈന്‍റ്  ചെയ്തില്ല ... കുറച്ചു കഴിഞ്ഞു ഞാന്‍ കൈ ഒക്കെ കഴികു വന്നു ഇരുന്നപ്പോഴാണ് അയ്യോ വീട്ടിലേക്കു വിളിച്ചു പറഞ്ഞതേയില്ല എന്ന് ഓര്‍ത്തത്‌ .. ആദ്യം അച്ഛനെ വിളിച്ചു പുറപ്പെട്ടു എന്ന് പറഞ്ഞു . പതിവ് പോലുള്ള " ഓടരുത് , ചാടരുത് , വെയില് കൊള്ളരുത്, വെള്ളത്തില്‍ ഇറങ്ങരുത് ..." തുടങ്ങിയ ഉപദേശങ്ങള്‍ക്ക് ഒടുവില്‍ ഞാന്‍ കാള്‍ കട്ട്‌ ചെയ്തു അമ്മയെ വിളിച്ചു .... കാര്യം പറഞ്ഞതും " എടീ നിനക്കെന്താടീ ഒന്ന് നേരത്തെ വിളിച്ചു പറഞ്ഞാല്‍ ??? എന്നാ പിന്നെ അവിടെ ചെന്നിട്ടു വിളിച്ചാല്‍ മതിയാരുന്നല്ലോ ......" അമ്മയുടെ യുഷ്വല്‍ ഡയലോഗ്സ്.... സില്ലി ഗേള്‍ :P  നമ്മള്‍ വിട്ടു കൊടുക്കുമോ ??ഏതായാലും "കമ്പിളി പുതപ്പ് ... കമ്പിളി പുതപ്പ്... ഒന്നും കേള്‍ക്കാന്‍ വയ്യാ... നീ ഫോണ്‍ വെച്ചോ അമ്മേ ... ലാന്‍ഡ്‌ ചെയ്തേച്ചു ഞാന്‍ വിളിക്കാവേ....." ഇത്രയും പറഞ്ഞു അമ്മയെയും കട്ട്‌ ചെയ്തു ...

ഇതൊക്കെയും കണ്ടു കൊണ്ടിരിക്കുകയാണ് നമ്മുടെ അങ്കിള്‍ ... ഒന്ന് ചിരിച്ചു എന്ന് വരുത്തിയിട്ട് ഞാന്‍ എന്‍റെ കൂട്ടുകാരുടെ കൂടെ കൂടി .. അനിയാണെങ്കില്‍ ഫോണില്‍ നല്ല ബിസി... അങ്ങനെ ഞങ്ങളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന അരുണിന്‍റെ പിറവം റോഡും വൈക്കം റോഡും ഒക്കെ കടന്നു പോയി.. പണ്ട് മുതലേ എനിക്കൊരു ഡൌട്ട് ഉള്ളതാ, ഈ കൂത്താട്ടുകുളത്തുള്ളവര്‍ ഒക്കെ എവിടുന്നാണ് ട്രെയിന്‍ കയറുന്നതെന്ന്... ഇത് ഞാന്‍ വിനീതേട്ടനോട് അറിയാതെ ഒന്ന് ചോദിച്ചു പോയി ... വളരെ സീരിയസ് ആയി ഏട്ടന്‍ എന്നോട് പറഞ്ഞു തുടങ്ങി.. " എടീ സുകൂ .. നീ ദേ വലതു വശത്തേക്ക് നോക്കി ഇരുന്നോളു... ഒരു പാളം അങ്ങോട്ടേക്ക് തിരിഞ്ഞു പോകുന്നത് കാണാം ... കായംകുളത്തുന്നു ആലപ്പുഴക്കും കോട്ടയത്തിനും 2 റെയില്‍ പാത ഇല്ലേ ?? അത് പോലെ .... "

പാവം ഞാന്‍..... നോക്കി നോക്കി അവസാനം മുളന്തുരുത്തി എത്തിയെന്നേ.... കുറച്ചുടെ കഴിഞ്ഞാല്‍ എറണാകുളം എത്തില്ലേ എന്നൊരു സംശയം... വളരെ നിഷ്കളങ്കമായി ഞാന്‍ വിനീതേട്ടനോട് ഇത്രയും നേരം നോക്കി ഇരുന്നിട്ടും കൂത്താട്ടുകുളത്തേക്ക് തിരിയുന്ന പാളം കണ്ടില്ല എന്ന് പറഞ്ഞു.... കേട്ട പാതി കേള്‍ക്കാത്ത പാതി സകല മനുഷ്യരും പൊട്ടിച്ചിരിച്ചു... ഇത്രേം നേരം ഞാന്‍ ഒരു "ശശി" ആയിട്ടു ഇരിക്കുവാരുന്നു .. ഹും ... അല്ലേലും വിനീതേട്ടനെ വിശ്വസിച്ച എന്നെ വേണം തല്ലാന്‍... എല്ലാരുടെയും മുന്‍പില്‍ ഒന്ന് ചമ്മിയെങ്കിലും ഞാന്‍ എനിക്കിതൊന്നും വല്യ പുത്തരിയല്ല എന്ന ഭാവത്തില്‍ അങ്ങനെ ഇരുന്നു... ചമ്മലിന്‍റെ ക്ഷീണം മാറ്റാന്‍ ചറ പറ സംസാരം തുടങ്ങി ... ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ ആ അങ്കിള്‍ നോക്കി ഇരിക്കുന്ന കണ്ടു ...

ശെടാ ... ഇങ്ങേര്‍ക്ക്  വേറെ ഒരു പണിയുമില്ലേ ? എനിക്ക് ശരിക്കും ദേഷ്യം വന്നു തുടങ്ങി ... എറണാകുളം ആകുമ്പോള്‍ സോണി ചേച്ചി ഇറങ്ങും അതിനും മുന്‍പ് ഫോട്ടോ എടുക്കണം ... ഒരു യാത്രയിലും ടിക്കറ്റ്‌ എടുത്തിലെങ്കില്‍ പോലും ഞങള്‍ ഫോട്ടോ എടുത്തിരിക്കും, അതാണ് പോളിസി... ഏതായാലും ചാഞ്ഞും ചെരിഞ്ഞും ഒക്കെ തകര്‍ത്തു ഫോട്ടോ എടുക്കുകയാണ് .. അവസാനം സ്റ്റേഷന്‍ എത്തി .. സോണി ചേച്ചിക്ക് ബൈ പറഞ്ഞു നോക്കുമ്പോള്‍ അനിജയെ കാണുന്നില്ല..ദൈവമേ അവള്‍ ഇത് എവിടെ പോയി ?? ട്രെയിന്‍ അനങ്ങി തുടങ്ങുകയും ചെയ്തു... നമ്മുടെ അങ്കിള്‍സ് എവിടെയോ പോയിട്ട് തിരിച്ചു വന്നപ്പോള്‍ അവള്‍ അപ്പുറത്ത് നിന്ന് ഫോണ്‍ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു... പിന്നെ അങ്ങേര് കൊടുവാള്‍ എടുത്തങ്ങു വീശി തുടങ്ങി...

ഞങളുടെ ഓരോ തമാശകള്‍ക്കും കമന്റ്‌ പറയുക .. ഓരോ ട്രെയിന്‍ കടന്നു പോകുമ്പോളും അത് എങ്ങോട്ട് പോകുന്നു , എവിടെ നിന്നും വരുന്നു തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തരിക ഇതൊക്കെയായി പുള്ളിക്കാരന്‍റെ ജോലി.. ഞാന്‍ ഇതൊന്നും മൈന്‍ഡ് ചെയ്യുന്നതേ ഇല്ലാ കേട്ടോ .. പക്ഷെ പുള്ളിക്കാരന് തിരുവനന്തപുരത്ത് ഹോള്‍സെയില്‍ ചുരിദാറിന്റെ കട ഉണ്ടെന്നു കേട്ടപ്പോള്‍ " അങ്കിള്‍ ...."എന്ന് വിളിച്ചു ഞാനും മിണ്ടാന്‍ തുടങ്ങി .... അങ്ങനെ എല്ലാരും കമ്പനി അടിച്ചു ഇരിക്കുമ്പോഴാണ് എനിക്ക് ഒരു ചായ കുടിക്കാന്‍ തോന്നിയത് ....  ചായ വരുന്നതും നോക്കി ഇരുന്നപ്പോഴാണ്  വിനീതേട്ടന്‍ ട്രെയിനില്‍ ചായ എങ്ങനാ ഉണ്ടാക്കുന്നത്‌ എന്ന് പറഞ്ഞു തന്നത്... സത്യമാണോ എന്തോ ??? പിന്നെ ചായ കുടിക്കാന്‍ തോന്നിയിട്ടേ ഇല്ലാ :( ... വീണ്ടും ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം നമ്മുടെ KP ചേച്ചിയുടെ നാട് ആയ "തൃശൂര്‍" എത്തി... KP ചേച്ചി വന്നതിന്റെ ഒരു ബഹളം ഒക്കെ കഴിഞ്ഞു, എനിക്കാണെങ്കില്‍ ചായ കുടിക്കാഞ്ഞിട്ട്‌ നല്ല തലവേദന ..

നമ്മുടെ അങ്കിള്‍ അങ്ങ് തുടങ്ങി ... " കുറെ നേരമായല്ലോ ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് ?? ഒരു ചായ വാങ്ങാന്‍ പോലും കയ്യില്‍ കാശ് ഇല്ലേ??? നാന്‍ വാങ്ങി തരട്ടുമാ ?? അല്ലാ  ഈ കുട്ടി വീട്ടിലും  ഇങ്ങനെയാണോ??? എപ്പോഴും  ഈ കല പില സംസാരം തന്നെയാണോ ??" ശോ എന്റെ ദൈവമേ ഞാന്‍ അങ്ങ് ആകെ ചമ്മി പോയി ... എങ്ങനെയെങ്കിലും ഒന്ന് പാലക്കാട്‌ എത്തിയാല്‍ മതി എന്നായി എനിക്ക് ... ജനലിനു പുറത്തേക്കും നോക്കി ഞാന്‍ അങ്ങനെ ഇരിക്കുവാ ... ഭാരതപുഴ എത്തിയപ്പോള്‍ എല്ലാരെയും വിളിച്ചു കാണിച്ചു... എന്ത് നീളം ആണെന്നോ :).... ആരുടെ ഒക്കെയോ കുളി സീന്‍സും കാണാം ബാക്ക്ഗ്രൗണ്ടില്‍... ഞാനും അനിയും എന്തൊക്കെയോ കണ്ടു ഞെട്ടി പരസ്പരം നോക്കി ...വിനീതേട്ടന്‍ ആണെങ്കില്‍ ചിരിയോടു ചിരി ... അങ്ങനെ കളി ചിരികള്‍ക്ക് ഒടുവില്‍ ഇതാ ഞങള്‍ പാലക്കാട്‌ റെയില്‍വേ സ്റ്റേഷനില്‍ എത്തി ചേര്‍ന്നു  ..

@ കുരുവി ഹോം 

എല്ലാര്ക്കും ഭയങ്കര സന്തോഷം ... വീട്ടില്‍ ബന്ധുക്കള്‍ എല്ലാരും വന്നു ചേര്‍ന്നിട്ടുണ്ട് .. വന്നു കേറിയതിന്റെയും ചായയുടെയും ഒക്കെ ഒരു ബഹളം കഴിഞ്ഞു എല്ലാരും ഫ്രഷ്‌ ആയി ഫുഡ് കഴിക്കാന്‍ തുടങ്ങി... ഇതിനിടയില്‍ ഞങള്‍ വിനീതേട്ടനു പിറന്നാള്‍ സമ്മാനവും കൊടുത്തു കേട്ടോ .. ഒരു ജാക്കറ്റ് !!! അവസാനം ഒരു 12 മണി ആയപ്പോ എല്ലാരും ഉറക്കം തൂങ്ങി തുടങ്ങി ... ഇതിന്റെ ഇടയില്‍ അബദ്ധങ്ങളുടെ ഒരു ജാഥ തന്നെ ഉണ്ടായിരുന്നു കേട്ടോ .. എല്ലാം കൂടെ എഴുതാന്‍ പേജ് തികയും എന്ന് തോന്നുന്നില്ലാ ... പിന്നെ വിനീതേട്ടന്റെ വക കുറെ ട്രെയിന്‍ കഥകളും , "ലോലന്‍ കഥാസമാഹാരം 1ആം ഭാഗം" :D ... രാത്രി 1 മണി ആയപ്പോഴേക്കും ഉറങ്ങാതെ പറ്റില്ല എന്നായി... അങ്ങനെ മുറിയിലും കുറെ നേരം ചിരിയും കളിയും ഒക്കെ കഴിഞ്ഞു എല്ലാരും ഉറങ്ങി....പിറ്റേന്ന് വെളുപ്പിനെ എല്ലാരും എഴുന്നേറ്റു കുളിച്ചു 
കുരുവി ചേച്ചിയുടെ കൂടെ അമ്പലത്തില്‍ പോകാനായി ഇറങ്ങി ..

അങ്ങനെ എല്ലാരും പാലക്കാട്‌ ഉള്ള  " തെക്കന്‍ ഗുരുവായൂര്‍ " ക്ഷേത്രത്തില്‍ പോയി...നന്നായി പ്രാര്‍ത്ഥിക്കുകയും ചെയ്തു  അവിടെ .. എന്താ ഗുരുവായൂരപ്പന്റെ ഒരു ഭംഗി ??? ആ ക്ഷേത്രത്തില്‍ ഒരു ആചാരം ഉണ്ട് ...ഒരു തളികയില്‍ കുറെ മഞ്ചാടികുരു വെച്ചിരിക്കുന്നു  ... അവിടെ ഒരു വെള്ളി രൂപ വഴിപാടു വെച്ച്,  ഒരു ആഗ്രഹം മനസ്സില്‍ കരുതി, ആ  മഞ്ചാടികുരു മൂന്നു തവണ കൈ കൊണ്ട് വാരി എടുത്താല്‍, നമ്മുടെ ആഗ്രഹം സാധിക്കും എന്നാണ് ... എല്ലാരും അങ്ങനെ തന്നെ ചെയ്തു ...  ചിലപ്പോള്‍ സാധിച്ചാലോ അല്ലെ :) ആവോ അറിയില്ല ... ഏതായാലും ഞാനും എന്റെ ആഗ്രഹം പറഞ്ഞിട്ടുണ്ട്  കേട്ടോ... ഒരു 10 മണി ഒക്കെ ആയപ്പോഴേക്കും ഞങള്‍ മണ്ഡപത്തില്‍ വന്നു.... അല്‍പനേരം കഴിഞ്ഞപ്പോള്‍  അതാ മാധവേട്ടന്‍ വരുന്നു .... ഹായ് ഹായ് എന്താ ഒരു ഭംഗി ?? 

വീണ്ടും ഒരു 10 മിനിറ്റ് കൂടെ കഴിഞ്ഞപ്പോള്‍ കുരുവിയും എത്തി, ഒരു രാജകുമാരിയെ പോലെ ... എല്ലാരും അവരെ തന്നെ നോക്കി ഇരുന്നു ... ചടങ്ങുകള്‍ എല്ലാം വളരെ ഭംഗിയായി നടന്നു .. മാധവന്റെ കൂട്ടുകാര്‍ ഉണ്ടായിരുന്നത് കൊണ്ട് ബോര്‍ അടി ഒന്നും
 ഇല്ലായിരുന്നു കേട്ടോ ... പിന്നെ നിക്കിചേട്ടന്റെ വാചകമടി കൂടി ആയപ്പോള്‍ പൂര്‍ത്തിയായി.. ഓ നിക്കി ചേട്ടന്‍ ആരാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ അല്ലെ ? KP ചേച്ചിയുടെ ഫാമിലി ഫ്രെണ്ട് ആണ്.. എന്ത് പറഞ്ഞാലും അതിന്റെ അറ്റത്തു ഒരു "ഡാ" കൂടെ കാണും :) ഉദാഹരണത്തിന്,  " എന്താടാ ? നിങ്ങള്‍ കഴിചില്ലേടാ ? എന്ത് പറ്റിയെടാ ? എല്ലാം OK ആണോടാ ?.......... " ഇങ്ങനെ പോകുന്നു നിക്കി ചേട്ടന്റെ ഡയലോഗ്സ് ....

 എല്ലാ പരിപാടിയും കഴിഞ്ഞു മടങ്ങി എത്തിയപ്പോഴേക്കും ആകെ ക്ഷീണിച്ചു.. 4 മണിക്ക് മലമ്പുഴ കാണാന്‍ പോകാം എന്നും പറഞ്ഞു ഞാനും അനിയും ഉറങ്ങാന്‍ കിടന്നു.. ഒരു 5.30 ആയി കാണും, ചാടി എഴുന്നേറ്റു നോക്കിയപ്പോള്‍ ചേച്ചിമാരെയും ചേട്ടന്മാരെയും ഒന്നും കാണാനില്ല .. ദൈവമേ ഇനി ഇവര്‍ ഞങളെ കൂട്ടാതെ പോയോ ? അപ്പൊ തന്നെ ഫോണ്‍ എടുത്തു വിളിച്ചു " പാറു ചേച്ചി ... നിങ്ങള്‍ എന്തിയെ?? എവിടാ??? ".. 

പാറു : " എടീ ഞങള്‍ ഇവിടെ മലമ്പുഴയില്‍ .... നിങ്ങളുടെ ഉറക്കം കണ്ടപ്പോള്‍ പാവം ഉറങ്ങിക്കോട്ടെ എന്ന് കരുതിയെടി ....."

ഈശ്വരാ ... എല്ലാം  നശിപ്പിച്ചു .... ശോ മലമ്പുഴയില്‍ പോകാന്‍ പറ്റിയില്ലല്ലോ ... അങ്ങനെ അനി ഇപ്പം കിടന്നു ഉറങ്ങണ്ട ... അവളെയും ഞാന്‍ വിളിച്ചു എഴുന്നേല്‍പ്പിച്ചു ... 

അനി : "അയ്യോ ചേച്ചി ... അവര്‍ പോയോ ?? ശോ കഷ്ടമായല്ലോ" :(

ഞങ്ങള്‍ മുറിയുടെ പുറത്തേക്കു പോയി, വീട്ടിലെ  എല്ലാരും ഉറക്കമാണ്.. ഓ ഇനി എന്ത് ചെയ്യാനാ ?? മുകളില്‍ പോയി ഇരിക്കാം എന്ന് കരുതി .. ഓടി ചെന്ന് ഒരു മുറി പോയി തുറന്നപ്പോള്‍, അവിടെ കുരുവി ചേച്ചിയും മാധവേട്ടനും പിന്നെ ഏട്ടന്റെ പെങ്ങള്‍ സംഗീതയും ഇരിക്കുന്നു ... "അയ്യോ സോറി ചേച്ചി... അറിയാതെ കേറിയതാണേ ... :P" ഓടി പുറത്തേക്കു ഇറങ്ങി കഴിഞ്ഞപ്പോള്‍ അകത്തു അടക്കി പിടിച്ചു ആരുടെ ഒക്കെയോ ചിരി കേട്ടു ...
ആഹാ അത് ശരി എല്ലാരും കൂടെ അതിന്റെ അകത്തു കേറി ഒളിച്ചിരിക്കുവാ അല്ലെ.. പിന്നെ ഒട്ടും വൈകിയില്ല ഞങ്ങളും അങ്ങ് ഇടിച്ചു കേറി ... 

ഞങളുടെ ശല്യം സഹിക്കാന്‍ വയ്യാതെ അവസാനം ഞങ്ങളെ എല്ലാവരെയും  അവര്‍ രണ്ടു പേരും മുറിയില്‍ നിന്നും അടിച്ചിറക്കി ... വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തത്  കൊണ്ട് നേരെ "ഈ അടുത്ത കാലത്ത് " എന്ന സിനിമ കാണാന്‍ ഒരുങ്ങി ഇറങ്ങി .. അവിടെ ചെന്നപ്പോഴോ , മാധവേട്ടന്റെ കൂട്ടുകാര്‍ മുഴുവനും ഉണ്ട് ... ഉച്ച വരെ വായിനോക്കി നടന്നതാ അവന്മാരെ ... ഒന്നു മാറി ചിന്തിക്കാന്‍ ഇവന്മാര്‍ സമ്മതിക്കുന്നില്ലല്ലോ ഈശ്വരാ .... ആ ഇതെങ്കില്‍ ഇത് :P .... അങ്ങനെ ഒരു 9 ആയപ്പോള്‍ സിനിമയും കഴിഞ്ഞു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഏതോ ഒരു സീരിയല്‍ നടനെ കണ്ടു പുള്ളീടെ പുറകെ കുറെ നേരം നടന്നു ... കറങ്ങി തിരിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും എല്ലാരും പോകാന്‍ റെഡി ആയി നില്‍ക്കുന്നു .. പിന്നെ ഒട്ടും വൈകിയില്ല, ഭക്ഷണം കഴിച്ചു കഴിച്ചില്ല എന്ന് വരുത്തി കുരുവി ചേച്ചിയെ ആദ്യം പറഞ്ഞു  വിട്ടിട്ട് ബാഗും എടുത്തു ഞങ്ങളും ഇറങ്ങി, റെയില്‍വേ സ്റ്റേനിലേക്ക് ...

 One Night @ Palakkad Railway Station
 
ട്രെയിന്‍ 11 മണിക്കാണ് ... ഇനിയും ഇഷ്ടം പോലെ സമയം ഉണ്ട് .. ഞങളുടെ ഓഫിസിലെ 2D /3D ഹെഡ്, കോസ്റ്റാറിക്കക്കാരന്‍ " Luis Alfonso Rodríguez Aragonés " എന്ന ലൂയിസും പുള്ളിക്കാരന്റെ മകനും ഉണ്ട് തിരിച്ചു കായംകുളത്തേക്ക് ഒപ്പം വരാന്‍.. അവര്‍ പാലക്കാട്‌ രണ്ടു മൂന്നു ദിവസം മുന്‍പേ വന്നതാണ്‌ .. കൂട്ടത്തില്‍  കല്യാണ നിശ്ചയവും കൂടാന്‍ പറ്റി .. ഞാനും അനിയും S10 കംപാര്‍ട്ടുമെന്ടിലും ബാക്കി എല്ലാരും S5 കംപാര്‍ട്ടുമെന്ടിലും ആണ്... ഞങള്‍ ഒറ്റക്കായതിന്റെ ഒരു ടെന്‍ഷന്‍ എല്ലാര്ക്കും ഉണ്ട് ... ട്രെയിന്‍ വിടുന്നത് വരെ വിനീതേട്ടന്‍ ഞങ്ങള്‍ക്ക് കൂട്ടിരുന്നു.  ട്രെയിന്‍ അനങ്ങി തുടങ്ങിയപ്പോള്‍ വിനീതേട്ടന്‍ S5 കമ്പാര്‍ട്ടുമെന്റിലേക്ക്  തിരിച്ചു പോയി  ആകെ വിഷമം ആയി ... കോട്ടയം എത്തുമ്പോള്‍ വിനീതേട്ടന്‍  ഇറങ്ങില്ലേ..ശോ ഇനി ഇത് പോലെ ഏതെങ്കിലും ഒരു ആഘോഷം വന്നാല്‍ അല്ലേ തമ്മില്‍ കാണാന്‍ പറ്റൂ ... :(

എതായാലും ഒരു ഉറക്കം അങ്ങോട്ട്‌ ഉറങ്ങിയിട്ട് പിന്നെ വെളുപ്പിനെ 5.30 നു മാവേലിക്കര എത്തിയപ്പോഴാ എണീറ്റത്... വീണ്ടും കായംകുളത്തു നിന്നും വള്ളിക്കാവിലേക്ക്  ഓട്ടോറിക്ഷയില്‍ ഒരു മടക്കയാത്ര... കുളി ഒക്കെ കഴിഞ്ഞു വന്നപ്പോള്‍ മനസ്സ് നിറയെ ഞങളുടെ പാലക്കാട്‌  യാത്ര ആയിരുന്നു...  ഓര്‍മ്മകളിലേക്ക് നിറമുള്ള ഒരു അദ്ധ്യായവും കൂടി എഴുതി ചേര്‍ക്കപ്പെട്ടു .. മറ്റൊരു യാത്രക്കു വേണ്ടി കൊതിക്കുന്ന മനസ്സുമായി ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീഴുമ്പോള്‍ എന്റെ കൂട്ടുകാരും ഇത് തന്നെ ആലോചിക്കുകയാവും എന്ന്  എനിക്ക് അറിയാമായിരുന്നു..  പാതി വിരിഞ്ഞ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ ഉറങ്ങാനായി കിടന്നു :)