Pages

Friday 10 May 2013

മടക്കയാത്ര



ഇരുളിന്റെ പുകമറയത്തു നിന്നും ഒളിഞ്ഞു നോക്കുന്ന ഇളം നീല കണ്ണുകൾ,  വെളിച്ചത്തിലേക്ക് വരാൻ അവയ്ക്ക് ഭയമാണ്.. കണ്ണുകൾ മാത്രമല്ല തനിക്കു , ഒരു പെണ്‍ശരീരവും ഉണ്ടെന്നറിഞ്ഞാൽ, കാമവെറി പൂണ്ട ഒരു പറ്റം മനുഷ്യചെന്നായ്ക്കൾ ചാടി വീഴും ഉറപ്പ് ... കാലം നൽകിയ തിരിച്ചറിവു ബുദ്ധി ഉറയ്ക്കുന്നതിനും മുൻപേ വേണമെന്ന് അമ്മ മിഴിനീരോടെ ചൊല്ലിക്കൊടുക്കുമ്പോൾ.. പിടയ്ക്കുന്ന കണ്ണുകളിൽ ഭയവും വിറയ്ക്കുന്ന ചുണ്ടുകളിൽ വാക്കുകളും നഷ്ട്ടപ്പെട്ടു, ഒരു നാൾ പിടിക്കപ്പെടും എന്ന ഭീതിയോടെ, ഇരുളിന്റെ മറവിലേക്ക് ഒരു മടക്കയാത്ര...ഒരിക്കലും തിരിച്ചു വരാൻ ആഗ്രഹിക്കാത്ത ഒരു യാത്ര... 

Thursday 2 May 2013

ഓർമ്മകളുടെ മഴക്കാലം ...





മഞ്ഞു തുള്ളികൾ പറ്റി പിടിച്ചിരിക്കുന്ന ജാലകച്ചില്ലിൽ നോക്കി ഇരിക്കുമ്പോൾ ധ്വനിക്ക് ഇപ്പൊ എന്തെന്നില്ലാത്ത ഒരു ആശ്വാസമാണ് തോന്നിയത് ... കഴിഞ്ഞ കുറച്ചു നാളുകൾ , മറക്കണം എല്ലാം ... അല്പ്പമെങ്കിലും  മറന്നേ പറ്റു .. എങ്കിലും ഇപ്പോഴുമുണ്ട് ഇടയ്ക്കിടക്ക് മനസ്സിനെ കുത്തി നോവിക്കുന്ന ചില ഓർമ്മകൾ ... കാട് കയറിയുള്ള ചിന്ത തൽക്കാലം മാറ്റി വെച്ച് ധ്വനി ആ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു ... മോൾ എഴുന്നേറ്റിട്ടില്ല ...ഇളം റോസ്  നിറമുള്ള ചെറിയ ചുണ്ടും കൈവിലരുകളും കാണുമ്പോൾ ഒരു കുഞ്ഞു റോസാപ്പൂവിനെ കാണുന്ന പോലെ .. പക്ഷെ മനസ്സിൽ ഒരു ആശങ്ക, "വീണ്ടും ഒരു ധ്വനി ??..... " അനാഥമായിരുന്നു കുട്ടിക്കാലം....സ്വന്തമായി ആരുമില്ലാതിരുന്നപ്പോൾ, പേടി കൊണ്ടാകും കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോഴേ ഉറങ്ങിപ്പോകുമായിരുന്നു ... ഇപ്പോഴോ?? ഓ, ഇപ്പോഴും എപ്പോഴും ഒറ്റയ്ക്കാണല്ലോ ; ഉറക്കമില്ല എന്നുള്ള ഒരു പരാതി മാത്രം ബാക്കി ... 

എന്തിനായിരുന്നു ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയത് ?? ഒരു നിമിഷം മറിച്ചു ചിന്തിച്ചിരുന്നെങ്കിൽ, നീ  എവിടെയോ ജീവനോടെ ഉണ്ട് എന്നെങ്കിലും കരുതാമായിരുന്നു ... വേണ്ടായിരുന്നു ഒന്നും  , ജീവിതത്തെ അത്രയേറെ ഇഷ്ട്പ്പെട്ട് പോയി .. തിരുത്താമായിരുന്നു എനിക്ക്  ആ തെറ്റ് .... "ധ്വനി , നീയെന്താ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നത് ? " ... നനഞ്ഞ കുട ചെറുതായി കുടഞ്ഞു കൊണ്ട് തടി ഗോവണി കയറി  ഇന്ദു മുകളിലേക്ക്  വന്നു .. " ഇത് വരെ കുളി കഴിഞ്ഞില്ലേ ?? ഇന്നു അമ്പലത്തിൽ പോകണമെന്ന് ഒരു ആഴ്ച മുൻപേ എന്നോട് പറഞ്ഞു ഏർപ്പാടാക്കിയതാണല്ലോ ?? ഊം എന്തു  പറ്റി നിനക്ക് ?"...  അവളെ ആദ്യമായി കാണുന്ന പോലെ ധ്വനി നോക്കി നിന്നു ... ഇന്ദു, എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി .. കോളേജിലെ  മേക്കപ്പിട്ട മുഖങ്ങൾക്കിടയിൽ നിന്ന്  തുളസിക്കതിരിന്റെ  നൈർമ്മല്യമുള്ള ഒരു പുഞ്ചിരി എപ്പോഴും സമ്മാനിച്ചിരുന്ന, മെലിഞ്ഞു കൊലുന്നനെ ഒരു ഇരുനിറക്കാരി ... അന്ന് ഞാൻ ഓർത്തതേയില്ല , ഈ പുഞ്ചിരി എന്നെ , നഷ്ട്ടപെട്ടുപ്പോകുമായിരുന്ന എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുമെന്നു ... 

" ഒരു അരമണിക്കൂർ തരു ഇന്ദു , ഇപ്പൊ റെഡി ആകാം ... ഈ മഴയത്തു നീ വരില്ല എന്നാ ഞാൻ കരുതിയത്‌ .. " കുളിമുറിയുടെ വാതിൽ അടയ്ക്കുന്നതിന്  മുൻപ് ധ്വനി വിളിച്ചു പറഞ്ഞു .... തണുത്ത വെള്ളത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ വീണ്ടും ഓർമ്മകൾ ധ്വനിയെ തേടി വന്നു... ഇത് പോലെ നനഞ്ഞു ഒരു മഴയത്തു വരുമ്പോൾ ആണ് അന്ന് ആദ്യമായി ഋഷിയെ കാണുന്നത് ...അവന്റെ കൈ പിടിച്ചു നടക്കുമ്പോൾ ഒരു സുരക്ഷിതത്വം എപ്പോഴും ഉണ്ടായിരുന്നു കൂടെ  ... ഞാൻ ഒരു അനാഥയല്ലെന്നു തോന്നിപ്പിച്ചത് ഇവർ രണ്ടു പേരും മാത്രമായിരുന്നു ... ഇന്ദുവിന്റെ സൌഹൃദവും ഋഷിയുടെ കരുതലും എനിക്ക് വെച്ച് നീട്ടിയത് പണ്ടെങ്ങോ നിറം മങ്ങിപ്പോയ എന്റെ ജീവിതം ആയിരുന്നു... നാടുവാഴികളുടെയും പ്രമാണിത്ത്വത്തിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന ആ നാലുകെട്ടിനുള്ളിലേക്ക്  ഋഷിയുടെ കയ്യും പിടിച്ചു പടവുകൾ കയറി വന്ന എന്റെ  മിഴികളിൽ സന്തോഷത്തിനു പകരം ഭയമായിരുന്നു ... 

അനാഥ ! അച്ഛനും അമ്മയും ആരെന്നറിയാത്ത, പിഴച്ചുണ്ടായ  ഒരു സന്തതി ... കുത്തുവാക്കുകൾ കേൾക്കുമ്പോഴും ഋഷിയുടെ സ്നേഹമായിരുന്നു മനസ്സ് നിറയെ... പക്ഷെ ഇത് പോലെ ഒരു മഴക്കാലത്ത് വെള്ള പുതച്ചു കിടത്തിയ ഋഷിയുടെ മുഖത്തേക്ക് നോക്കി ഇരുന്നപ്പോൾ തോന്നിയ ഭയം ഇപ്പോഴും തന്നെ വിട്ടൊഴിഞ്ഞിട്ടില്ല... തന്നെ താങ്ങി നില്ക്കുന്ന ഇന്ദുവിന്റെ കൈകൾക്ക്   ബലം പോരാ എന്ന് തോന്നി ...  ഒടുവിൽ ഒരു പിടി ചാരമായി ഋഷി മറഞ്ഞപ്പോൾ  " ഇനി എന്ത് ??" എന്ന ചോദ്യം ബാക്കിയായി..   ചിന്തകൾക്ക് കടിഞ്ഞാണിട്ടു ധ്വനി കുഞ്ഞിനേയും ഒരുക്കി ഇന്ദുവിനോടൊപ്പം ഒതുക്കുകൾ ഇറങ്ങി ഇടവഴിയിലേക്ക് നടന്നു  ... മുന്നോട്ടു നടക്കുന്തോറും മനസ്സ് പിന്നിലേക്ക്‌ പായുന്നു ...എല്ലാ കൊല്ലവും ഇന്നത്തെ ദിവസം ഇങ്ങനെയാണല്ലോ കടന്നു പോകുന്നത്  ... നിറവയറോടെ ആ തറവാട്ടു പടികൾ ഇറങ്ങുമ്പോൾ, " ജനിക്കുന്നതിനു മുൻപേ അച്ഛന്റെ തലയെടുത്ത സന്തതി " എന്ന് ആരോ തന്റെ ഉള്ളിലെ ജീവനെ ശപിച്ചപ്പോൾ , അടിവയർ ഒന്ന് പിടഞ്ഞു ... കണ്ണുകൾ നിറഞ്ഞത്  മാത്രം ഓർമ്മയുണ്ട്.. 

"സൂക്ഷിച്ചു നടക്കു ധ്വനി ... ഒന്നാമതെ വഴിയെല്ലാം മഴ നനഞ്ഞു വഴുക്കി കിടക്കുകയാ ..." , വീണ്ടും ഇന്ദുവിന്റെ സ്വരം ... എന്റെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞിരിക്കുന്നു, അപ്പൊ വെറുതെയല്ല വീഴാൻ പോയത് ... ഇന്നാണു ഋഷി തന്റെ കഴുത്തിൽ താലി ചാർത്തിയ ദിവസം ... ഇന്ന് തന്നെയാണ് ഋഷിയുടെ തണുത്ത കൈവിരലിൽ ഞാൻ അവസാനമായി തൊട്ടതും...  കൃഷ്ണന്റെ മുന്നിൽ  അഷ്ടപദി കേട്ട് തൊഴുതു നിൽക്കുമ്പോൾ ധ്വനി മനസ്സുരുകി പ്രാർഥിച്ചു .. " എന്റെ കൃഷ്ണാ, എന്റെ മോൾക്ക്‌ എങ്കിലും നീ എനിക്കായി കരുതി വെച്ച പോലെ ഒരു ജീവിതം ആകല്ലേ ... ഒരിക്കലും ഒരു പെണ്ണിനും ഒരു പോലെ സന്തോഷിക്കുവാനും സങ്കടപ്പെടാനുമായി ഇങ്ങനെ  ഒരു ദിവസം കൊടുക്കല്ലേ ഭഗവാനെ .. " അമ്പലത്തിൽ നിന്നും  തിരിച്ചു മടങ്ങുമ്പോൾ പെയ്തൊഴിഞ്ഞ ആകാശം പോലെ മനസ്സ് ശാന്തമായിരുന്നു .... ഇതേ മനസ്സായിരുന്നല്ലോ തനിക്കു അന്ന്  കുലംകുത്തി ഒഴുകുന്ന പുഴയുടെ ആഴങ്ങളിലേക്ക് കുതിക്കാൻ ആഗ്രഹിക്കുമ്പോഴും ഉണ്ടായിരുന്നത് ... അന്ന് ഇന്ദു വന്നില്ലായിരുന്നെങ്കിൽ , ഇന്ന് എനിക്ക് എന്റെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിയില്ലായിരുന്നു  ...  


അവൾ നീട്ടിയ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നു.. വീട്ടുകാർ   പുച്ഛിച്ചു   തള്ളിയ ഋഷിയുടെ ജോലി ഒരു ഉപകാരമായി.. അല്ലെങ്കിലും ജന്മിത്വം ഇപ്പോഴും നില നില്ക്കുന്നു എന്നാണല്ലോ ആ നാലുകെട്ടിനുള്ളിലുള്ള ലോകം മാത്രം കണ്ട അവരുടെ പക്ഷം ... ഒന്നും തിരുത്താൻ പോയില്ല.. അന്നും ഇന്നും മൌനം മാത്രം ... പക്ഷെ നന്ദിയുണ്ട് , ഒരു പാട് .. ആരുടേയും ആട്ടും തുപ്പും കേൾക്കാതെ എനിക്കെന്റെ മോളെ വളർത്താം ... പക്ഷെ ഈ ഓർമ്മകൾ , ഇവരെ ഞാൻ എന്ത് ചെയ്യും ???... " ധ്വനി, നീ വരുന്നോ എന്റെ വീട്ടിലേക്കു ?? ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് കഴിയാൻ ഭയമാകുന്നില്ലേ??? എത്ര നാളാന്നു വെച്ചാ?? വെറുതെ ഇരുന്നു ഒന്നും ആലോചിക്കാതെ, ഇന്ന് ഒരു ദിവസത്തേക്കെങ്കിലും നീ ഒന്ന് മാറി നില്ക്കൂ ..." , ഇന്ദു മടങ്ങാൻ ഉള്ള ഒരുക്കമാണ് ... 


മൃദുവായി ഒരു ഉമ്മ ഇന്ദുവിന്റെ കവിളിൽ കൊടുത്തിട്ട് ധ്വനി പുഞ്ചിരിച്ചു ... " വേണ്ട.. വേണ്ട.. എനിക്ക് മനസ്സിലായി അപ്പോ നീ ഇന്നും വരില്ല അല്ലെ എന്റെ കൂടെ ??... " , ഒരു ചെറു പരിഭവം പറച്ചിൽ , ഇത് പതിവുള്ളതാണ് ... " ഒരു ദിവസം വരാം ... പക്ഷെ ഇന്ന് ഇല്ല ... ഇന്ന് എനിക്ക് ഈ ഓർമ്മകളാണ് കൂട്ട്.... മറക്കാൻ ആഗ്രഹിക്കുന്നെങ്കിലും , ഇവരില്ലാതെ ഈ ധ്വനി ഇല്ല ഇന്ദു.. നീ പൊയ്ക്കൊളു , എന്നെ കാത്തു നില്ക്കണ്ടാ .. " ഒതുക്കുകൾ ഇറങ്ങി ഇന്ദു പോകുന്നത് നോക്കി ഉമ്മറപ്പടിയിൽ ചാരി നിൽക്കുമ്പോൾ, എന്റെ മനസ്സ് വീണ്ടും ഓർമ്മകളുടെ നീണ്ട ഇടനാഴിയിലേക്ക്‌ നടന്നു തുടങ്ങിയിരുന്നു, ഒരിക്കലും  മരിക്കാത്ത  ഓർമ്മകളുടെ ഒരു നീണ്ട ഇടനാഴി  ...