Pages

Tuesday 27 December 2011

നഷ്ടപെട്ട നീലാംബരി



ഒരു പക്ഷേ ഈ പേര് നിങ്ങള്‍ ഓര്‍ക്കുന്നത് നമ്മുടെ എല്ലാം പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുമായി കോര്‍ത്തിണക്കിയാവണം ... എന്നാല്‍ എനിക്ക് ഇത് എന്റെ കലാലയ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അധ്യായമായി മാത്രമേ കരുതാന്‍ ആവൂ .. നീലാംബരി , അവളെ നമുക്ക് അങ്ങനെ വിളിക്കാം , എന്റെ ഹോസ്റ്റലില്‍ പുതിയതായി ചേര്‍ന്ന കുട്ടി.. കായംകുളം എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും പ്രൊഫഷണല്‍ കോളേജിന്റെ ബഹളങ്ങളിലേക്ക് കടന്നു വന്ന ഇരു നിറത്തില്‍ ചുരുണ്ട മുടിയുള്ള നീണ്ടു വിടര്‍ന്ന കണ്ണുകള്‍ ഉള്ള ഒരു പാവം കുട്ടി ... കോളേജില്‍ ആരോ ഒരിക്കല്‍ പറഞ്ഞു കേട്ടിരുന്നു ആ കുട്ടി നന്നായി പാട്ട് പാടും എന്ന്...
 
ഇങ്ങനെ ഓരോന്നും വിചാരിച്ചു അങ്ങനെ ഇരിക്കുമ്പോഴാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ എന്റെ മുറിയിലേക്ക് വന്നത് .. "ഈ റൂമില്‍ ഒരാള്‍ മാത്രമല്ലേ ഉള്ളു ?? ഇന്ന് മുതല്‍ നീലാംബരിയും ഈ റൂമിലാണ് താമസം.. " റൂമില്‍ ഒറ്റയ്കായിരുന്ന എനിക്ക് അത് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി ... കുറച്ചു കഴിഞ്ഞപ്പോള്‍ ലഗേജൊക്കെ എടുത്തുകൊണ്ടു നീലാംബരി മുറിയിലേക്ക് വന്നു ... ഞാനും കൂടെ എല്ലാം എടുത്തു വെക്കാന്‍ ഒക്കെ സഹായിച്ചു.. പക്ഷേ വന്നിട്ട് ഇത്ര നേരമായിട്ടും ആ കുട്ടി എന്താ എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്തതെന്ന് എനിക്ക് തോന്നി തുടങ്ങി.. ഞാന്‍ അങ്ങോട്ട്‌ ചോദിച്ചാല്‍ മാത്രം ഒറ്റവാക്കില്‍ ഒരു മറുപടി , അത്ര മാത്രം .. "എന്താണാവോ ?? " എന്നും മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുത്തു .. പിറ്റേന്ന് കോളേജില്‍ ചെന്നപ്പോള്‍ എന്റെ കൂട്ടുകാരി എന്നോട് ചോദിച്ചു , നീലാംബരി എന്റെ കൂടെയാണോ താമസം എന്ന് ??

"അതെ " എന്ന എന്റെ ഉത്തരത്തിനു മറുപടിയായി അവള്‍ എന്നെ കാന്റീന്‍ലേക്ക് കൂട്ടികൊണ്ട് പോവുകയാണുണ്ടായത് ... "നിനക്കറിയാമോ ?? ആ കുട്ടിക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെടാ .. ആദ്യം ഞങളുടെ ഹോസ്റ്റലില്‍ ആയിരുന്നു ... എന്തൊക്കെയോ ഇഷ്യയുസ് ഒക്കെ ഉണ്ടാക്കിയത് കൊണ്ട് അവിടെനിന്നു പറഞ്ഞ വിട്ടതാണ് ".. എന്റെ സുഹൃത്തിന്റെ വാക്കുകള്‍ എനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല .. സൂക്ഷിക്കണം എന്ന് കൂടി പറഞ്ഞു അവള്‍ ക്ലാസ്സിലേക്ക് മടങ്ങി..അന്നെനിക്ക് ക്ലാസ്സില്‍ ഒട്ടും ശ്രദ്ധിക്കാന്‍ പറ്റിയില്ല .. വൈകിട്ട് ഹോസ്റ്റലില്‍ തിരിച്ചെത്തിയപ്പോള്‍ നീലാംബരി റൂമില്‍ ഉണ്ട് . "ചേച്ചി , ഇന്നലെ ഞാന്‍ അങ്ങനെ ബിഹേവ് ചെയ്തപ്പോള്‍ വിഷമമായി അല്ലേ??" മുഖവുരയോന്നും കൂടാതെ ഒരു ചോദ്യം.. ഞാന്‍ വെറുതെ ഒന്ന് പുഞ്ചിരിച്ചു .. " ചേച്ചി ഫൈനല്‍ ഇയര്‍ ആയതു കൊണ്ടാണ് ഞാന്‍ അങ്ങോട്ട്‌ വന്നു മിണ്ടാഞ്ഞത് , ഒന്നും തോന്നല്ലേ.." വീണ്ടും അവള്‍ എന്നോട് പറഞ്ഞു .. 

ഇത്തവണ എനിക്കും മിണ്ടാതെയിരിക്കാന്‍ തോന്നിയില്ല.. "അത് കുഴപ്പമില്ലടാ , നീ ചായ കഴിച്ചോ ??? ഇല്ലെങ്കില്‍ വാ നമുക്കൊന്നിച്ച്‌ മെസ്സില്‍ പോകാം " എന്ന് ഞാന്‍ മറുപടി കൊടുത്തു. അങ്ങനെ ഞങള്‍ തമ്മില്‍ ഒരു ചെറിയ സൗഹൃദത്തിനു തുടക്കമായി .. പാട്ടും കളിചിരികളും ഒക്കെയായി ഞങ്ങളുടെ ഓരോ ദിവസവും കടന്നു പോയി .. എന്നും അതിരാവിലെ എഴുന്നേറ്റു കുളിച്ചു, ഒരു 8 മണിയൊക്കെ ആകുമ്പോഴേക്കും നീലാംബരി  കോളേജില്ലേക്ക്  തിരിക്കും .. എനിക്കതില്‍ പ്രതേകിച്ചു ഒന്നും തോന്നിയില്ല .. പക്ഷേ ഞാന്‍ ഒരു 9 ഒക്കെ ആകുമ്പോള്‍ കോളേജില്‍ വരുന്ന സമയത്ത് അവള്‍ "ലാബ്‌ റെക്കോര്‍ഡ്‌ എടുക്കാന്‍ മറന്നു ചേച്ചി " അല്ലെങ്കില്‍ " തീരെ വയ്യ ചേച്ചി " എന്നൊക്കെ പറഞ്ഞു മടങ്ങി വരുന്നത് ഒരു പതിവായി ...
 
ഒരു വൈകുന്നേരം ഞാന്‍ ഹോസ്റ്റലില്‍ എത്തുമ്പോള്‍ നീലാംബരി വന്നിട്ടില്ല.. 6 മണി കഴിഞ്ഞിട്ടും കാണാഞ്ഞപ്പോള്‍ ഞാന്‍ മുകളില്‍ ഉള്ള മറ്റു റൂമുകളില്‍ പോയി നോക്കി .. ജൂനിയര്‍ കുട്ടികളുടെ മുറിയില്‍ എങ്ങുമില്ല ..പരിഭ്രമത്തോടെ ഞങള്‍ എല്ലാവരും വാര്‍ഡന്‍ന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു .. " ആ കുട്ടിക്ക് മൊബൈല്‍ ഇല്ലാട്ടോ " അവിടെ കൂടി നിന്നവരില്‍ ആരോ പറഞ്ഞു .. ഉടനെ തന്നെ വാര്‍ഡന്‍ നീലാംബരിയുടെ വീട്ടിലേക്കു ഫോണ്‍ വിളിച്ചു .. ഒരു പ്രയോജനം ഉണ്ടായില്ലെന്ന് മാത്രമല്ല , വീട്ടുകാരും കൂടി പേടിച്ചു പോയി.. അങ്ങനെ 7 മണിയും 8 മണിയും ഒക്കെ കഴിഞ്ഞു.. എന്റെ ചെവിയില്‍ കൂട്ടുകാരിയുടെ വാക്കുകള്‍ മുഴങ്ങി... രാത്രി ഒരു 8 .30 കഴിഞ്ഞപ്പോള്‍ നീലാംബരിയുടെ അച്ഛന്‍ എന്റെ മൊബൈലില്‍ വിളിച്ചു ..

"അവള്‍ ഇപ്പൊ എത്തി മോളെ .. എന്തോ പെട്ടന്ന് വീട്ട്ടിലേക്ക് വരാന്‍ തോന്നി വന്നതാണെന്നാ പറയുന്നത് .. റൂമില്‍ എന്തെങ്കിലും പ്രശ്നം??" എനിക്ക് ദേഷ്യം കൊണ്ട് കണ്ണുകാണില്ല എന്നായി .. കടിച്ചു പിടിച്ചു എന്തൊക്കെയോ പറഞ്ഞൊപ്പിച്ചതിന് ശേഷം റൂമിലേക്ക്‌ വന്നു..നല്ല തലവേദന കാരണം ഉറങ്ങാനും കഴിയുന്നില്ല.. രാവിലെ കോളേജില്‍ എത്തി ആദ്യം തന്നെ എന്റെ കൂട്ടുകാരിയോട് കാര്യം പറഞ്ഞു .. അവള്‍ എന്നെയും കൂട്ടി നീലാംബരിയുടെ ക്ലാസ്സിലേക്ക് ചെന്നു.. " നീലാംബരി ഞങളുടെ കൂടെ ഒന്നും കൂടില്ല ചേച്ചി , അവള്‍ക്കു ഇപ്പോഴും ഒറ്റയ്കിരിക്കണം.. ഞങള്‍ മിണ്ടുന്നത് പോലും അവള്‍ക്കു ദേഷ്യം ആണ് .." ആ ക്ലാസ്സിലെ ഒരു കുട്ടി ഞങ്ങളോട് പറഞ്ഞു .. എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല... ലഞ്ച് ബ്രേക്ക്‌  ആയപ്പോള്‍ നീലാംബരിയുടെ ക്ലാസ്സ്‌ ടീച്ചര്‍ എന്നെ വിളിപ്പിച്ചു ... അവരും സംഭവങ്ങള്‍ അറിഞ്ഞിരിക്കുന്നു..

അവര്‍ എന്നോട് പറഞ്ഞു "നീലാംബരി കുറച്ചു ദിവസങ്ങളായി  ക്ലാസ്സില്‍ വരാറില്ല , കുട്ടിക്ക് അതിനെ പറ്റി എന്തെങ്കിലും അറിവുണ്ടോ എന്നറിയാനാണ് വിളിപ്പിച്ചത് " ..  എനിക്ക് ഒരു ശ്വാസംമുട്ടല്‍ അനുഭവപെട്ടു തുടങ്ങി .. " എനിക്കറിയില്ല മാഡം" .. ഒറ്റവാക്കില്‍ മറുപടി കൊടുത്തു ഞാന്‍ തിരിച്ചു ഹോസ്റ്റലിലേക്ക് മടങ്ങി ..ഒറ്റക്കിരുന്നു ഓരോന്നും ആലോചിച്ചപ്പോള്‍ പുതിയ ഓരോ കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. എന്റെ മൊബൈലിലേക്കാണ് നീലാംബരിയുടെ വീട്ടുകാര്‍ വിളികുന്നത് ..ഒരിക്കലും അവള്‍ എന്റെ മുന്‍പില്‍ വെച്ച് സംസാരിക്കാറില്ല ... അതിനു ശേഷം ഹോസ്റ്റല്‍ ഫോണിലേക്ക് വീണ്ടും ഫോണ്‍ വരാറുണ്ട് .. എന്റെ ഫോണിലേക്ക് വിളികുന്നതാരാണ്  അപ്പോള്‍ ?? എന്തൊക്കെയോ രഹസ്യങ്ങള്‍ ആ കുട്ടിയെ ചുറ്റിപറ്റി ഉണ്ടെന്നു ഞാന്‍ തീര്‍ച്ചപെടുത്തി .. ഒടുവില്‍ ഒരാഴ്ചക്ക് ശേഷം നീലാംബരി എത്തിയപ്പോള്‍ , ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ എന്നോട് സംസാരിച്ചു ..


എനിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് , വരട്ടെ സമയം ആയിട്ടില്ല എന്ന് ഓര്‍ത്തു ഞാന്‍ അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തു ...ഒരു ദിവസം രാത്രി ആ കുട്ടിയോട് ഞാന്‍ എല്ലാം തുറന്നു ചോദിച്ചു.. അന്ന് അവള്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും എനിക്ക് മറക്കാന്‍ സാധികുന്നവ ആയിരുന്നില്ല.. വളരെ നാളുകള്‍ ആയുള്ള പ്രണയം , അത് തകര്‍ന്നതിന്റെ വേദനയും...അച്ഛനെന്നു കരുതേണ്ട ആള്‍ അവള്‍ക്കു നല്‍ക്കിയ നഷ്ടക്കണക്കുകളും  ഒക്കെ കൂടി അവള്‍ എന്നോട് പറഞ്ഞപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു .. ചെറുപ്പം മുതലേയുള്ള പ്രണയം ...രണ്ടു വീട്ടുകാരും അംഗീകരിച്ച ആ ബന്ധം ഒരിക്കലും ഇഷ്ടപെടാത്ത ഒരേ ഒരാള്‍ അവളുടെ അച്ഛന്റെ അനിയന്‍ ആയിരുന്നു..
 
17 വയസ്സിന്റെ മധുരിമയില്‍ അവള്‍ക്കു നഷ്ടപെട്ട നിറങ്ങളുടെ ലോകത്തെ ഞാന്‍ എങ്ങനെ മടക്കി നല്‍കാനാണ് ??? വീട്ടില്‍ ആരും ഇല്ലാത്ത ഒരു വേളയില്‍ അവളുടെ ചാരിത്ര്യം കവര്‍ന്നെടുത്ത അവുടെ കൊച്ചച്ചന്റെ മുഖം അവള്‍ എങ്ങനെ മറക്കാനാണ് ?? അവളുടെ മാനത്തെ വിറ്റ് കാശുണ്ടാക്കിയ അയാള്‍ അവള്‍ക്കു ഒരിക്കലും സമാധാനം കൊടുത്തിരുന്നില്ല.. ഫസ്റ്റ് ഇയറിലെ ഒരു പരീക്ഷ പോലും ജയിചിട്ടില്ലാത്ത നീലാംബരി വെറും രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിനു ചേര്‍ന്നിരുന്നു എന്ന് എനിക്ക് ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല .. അവിടെയും സമാധാനം കൊടുക്കാതെ അയാള്‍ പിന്നാലെ വന്നിരുന്നു..

ഒടുവില്‍ കോഴ്സ് ഡ്രോപ്പ് ഔട്ട്‌ ചെയ്തു പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ വാങ്ങി ... ഇപ്പൊ ഇവിടെ എന്റെ കൂടെ ... ദൈവമേ ഞാന്‍ എങ്ങനെ ഈ കുട്ടിയെ സമാധാനിപ്പിക്കും ? എനിക്ക് വല്ലാതെ സങ്കടം തോന്നി..എന്നെ കൊണ്ട് കഴിയുന്നത്‌ പോലെ ഞാന്‍ ആ കുട്ടിയെ ആശ്വസിപ്പിച്ചു .. "ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ.. പിന്നെ ആരാ നിന്നെ എന്റെ മൊബൈലില്‍ വിളിക്കുന്നത്‌ ?? " പെട്ടന്നൊരു ഭാവമാറ്റം നീലംബരിക്ക് വന്നു .. "ആരോ ആയ്ക്കോട്ടെ, ചേച്ചിക്ക് എന്താ ??? അതൊക്കെ എന്റെ പേര്‍സണല്‍ കാര്യങ്ങളാണ്‌ .. പ്ലീസ്‌..." ഒരു അടി കിട്ടിയത് പോലെ ഞാന്‍ പെട്ടന്ന് ചാടി എഴുന്നേറ്റു ഒരു സോറിയും പറഞ്ഞു  റൂമിന് പുറത്തേക്കു ഇറങ്ങി ... ജൂനിയേഴ്സിന്റെ റൂമില്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു നീലാംബരിക്ക് അവരുടെ മൊബൈലിലും കാള്‍ വരാറുണ്ട് ..

ത്രിപുണിതുറ സംഗീത കോളേജില്‍ പഠിക്കുന്ന എന്തോ ചേട്ടന്‍ ആണ് എന്നും പറഞ്ഞു .. മാത്രമല്ല അവരോടു ഒരു സീനിയര്‍ എത്ര റഫ് ആയി പെരുമാറാമോ, അത് പോലെയാണ് ആ കുട്ടി പെരുമാറിയിരുന്നതും എന്ന് പറഞ്ഞു..എനിക്ക് തലക്കു ഭ്രാന്തു പിടിക്കുന്നത്‌ പോലെ തോന്നി.. പിന്നെ എന്റെ പ്രധാന പണി നീലാംബരിയെ ശ്രദ്ധിക്കുക എന്നതായി...പക്ഷെ എന്നെ ഏറ്റവും അമ്പരപ്പിച്ചത് ആ കുട്ടിയുടെ വീട്ടുകാര്‍ ഒരിക്കല്‍ പോലും ഞാന്‍ കാണിച്ചിരുന്ന അത്ര പോലും ആകാംഷ കാണിക്കതിരുന്നതാണ് .. എന്റെ മൊബൈലില്‍ വരുന്ന നമ്പര്‍ അവള്‍ ഡിലീറ്റ് ചെയ്തിട്ടായിരിക്കും തിരിച്ചു തരുന്നത്.. എന്തൊക്കെയായാലും ഒരാഴ്ച കുഴപ്പമൊന്നുമില്ലാതെ കടന്നു പോയി..ഞാന്‍ എന്റെ എക്സാംസിന്റെ തിരക്കിലേക്കും മടങ്ങി ..

അങ്ങനെ ഒരു ദിവസം ഞങളുടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന മിസ്സ്‌ റൂമിലേക്ക്‌ വന്നു .."ഉച്ച കഴിഞ്ഞു താന്‍ എവിടെയായിരുന്നു ?? താന്‍ ചങ്ങശേരിയില്‍ എന്തിനാ പോയത് ?? എവിടെയാ പോയത് ? ആരുടെ കൂടെ ?" കുറെ ചോദ്യങ്ങള്‍ നീലംബരിയോടു ചോദിച്ചു.. ഇതെല്ലം കേട്ട് കണ്ണും മിഴിച്ചിരുന്ന എന്നോട് " താന്‍ എങ്കിലും ഇതൊക്കെ ശ്രദ്ധിക്കണ്ടേ ?? ഇതിന്റെ വീട്ടുകാര്‍ നേരെ ചോവ്വേ അന്വേഷിക്കാത്തത് കൊണ്ട് ബാക്കി ഉള്ളവര്‍ക്കാ തലവേദന .. താന്‍ പഠിച്ചോ .. " എന്നും പറഞ്ഞു മിസ്സ്‌ ഇറങ്ങി പോയി.. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് നീലാംബരി ചെന്നു വാതിലടച്ചിട്ട് കട്ടിലില്‍ വന്നിരുന്നു , ഒരു മാതിരി ഹിസ്റീരിയ ബാധിച്ചത് പോലെ എന്തൊക്കെയോ പറയാന്‍ തുടങ്ങി .. കട്ടിലില്‍ ഇരുന്നു ആടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പെട്ടന്ന് തൊട്ടടുത്ത റൂമില്‍ ഉള്ള കുട്ടിയെയും ഹോസ്റ്റല്‍ വാര്‍ഡനെയും  ഫോണില്‍ വിളിച്ചു ..

അവര്‍ വന്നതോട് കൂടി നീലാംബരി "എനിക്ക് സുയിസൈട് ചെയ്യണം ..എനിക്ക് മരിക്കണം " എന്നും പറഞ്ഞു വല്ലാതെ ബഹളം വെക്കാന്‍ തുടങ്ങി ... രാത്രി ആയതു കൊണ്ട് എന്ത് ചെയണം എന്ന് പോലും അറിയില്ല ഞങ്ങള്‍ക്ക്.. മേട്രന്‍ ഫോണില്‍ നീലാംബരിയുടെ വീട്ടിലേക്കു വിളിച്ചു എത്രയും പെട്ടന് വരാന്‍ ആവശ്യപെട്ടു... ഉറക്കമൊഴിഞ്ഞ് ഞാനും അടുത്ത മുറിയിലെ കുട്ടിയും നീലംബരിക്ക് കാവലിരുന്നു ..നിമിഷങ്ങള്‍ മണിക്കൂറുകളെ പോലെ ഇഴഞ്ഞു പോയികൊണ്ടിരിന്നു .. നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ ആ കുട്ടിയുടെ അച്ഛന്‍ വന്നു .. മേട്രന്റെ ആക്രോശങ്ങള്‍ക്കിടയില്‍ ദയനീയമായി എന്നെ നോക്കുന്ന രണ്ടു കണ്ണുകള്‍ ഞാന്‍ കണ്ടു ... ഒടുവില്‍ എന്റെ അവസരം വന്നപ്പോള്‍ ആ മനുഷ്യനോടു നീലാംബരി എന്നോട് പറഞ്ഞിരുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു ..

അവള്‍ പറഞ്ഞതൊക്കെയും സത്യം തന്നെ എന്ന് സമ്മതിച്ച ആ മനുഷ്യന്റെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ എനിക്ക് ഇത് വരെ തോന്നിയിട്ടില്ലാത്ത ഒരു വ്യസനം അനുഭവപ്പെടാന്‍ തുടങ്ങി .. നീലാംബരിയുടെ സംഗീതത്തോടുള്ള താല്പര്യം സംഗീത അദ്ധ്യാപകന്‍ ആയ ആ മനുഷ്യനില്‍ നിന്നും ലഭിച്ചതാണെന്ന് ഞാന്‍ മനസ്സിലാക്കി .. "എനിക്ക് സാറിന്റെ വിഷമം മനസിലായി .. പക്ഷെ കോളേജ്പ്രിന്‍സിപ്പലും മറ്റു അധ്യാപകരും ആണ് ഇനി നീലാംബരിയുടെ ഭാവി തീരുമാനിക്കുക " എന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു ...കോളേജില്‍ മീറ്റിംഗ് കഴിയാന്‍ അക്ഷമയോടെ ഞാന്‍ പുറത്തു കാത്തു നിന്നു .. ഒടുവില്‍ ആ പാവം മനുഷ്യന്‍ ഇറങ്ങി വന്നു എന്നോട് പറഞ്ഞു " ഞങള്‍ പോകുന്നു മോളെ..നീലംബരിക്ക് പഠിക്കാന്‍ ഇത്രയെ ഉള്ളു യോഗം ... എവിടെയെങ്കിലും കൌണ്സേല്ലിങ്ങിനു കൊണ്ട് പോണം ..മോളുടെ പരീക്ഷ അവള്‍ കാരണം മുടങ്ങി അല്ലെ ... ക്ഷമിക്കണം കേട്ടോ ..."

ഇതും പറഞ്ഞു തല താഴ്ത്തി പിടിച്ചു നടന്നകലുന്ന ആ മനുഷ്യന്റെ പുറകെ നീലാംബരിയും എന്റെ കണ്മുന്നിലൂടെ കടന്നു പോയി...അതായിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവസാനമായി ആ കുട്ടിയെ കണ്ട ദിവസം ...ഇന്ന് ഞാന്‍ ഇത് എഴുതാന്‍ ഒരു കാരണം ഉണ്ട്.. കഴിഞ്ഞ ഒരു ദിവസം , കൃത്യമായി പറഞ്ഞാല്‍ 19/12/2011 തിങ്കളാഴ്ച , കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഞാന്‍ നീലാംബരിയെ കണ്ടു .. കൂടെ അവളുടെ അച്ഛനെയും .. ഒരു പുതിയ മോഡല്‍ ബൈക്കില്‍ അവള്‍ വന്നിറങ്ങി ...അവളെ കണ്ടു തരിച്ചു നില്‍ക്കുന്ന എന്നെ ഒന്ന് തറപ്പിച്ചു നോക്കി അവര്‍ രണ്ടു പേരും .. ഒടുവില്‍ ഒന്നും സംഭവിക്കാത്തത് പോലെ എന്നെ കടന്നു അവര്‍ ടിക്കറ്റ്‌ എടുക്കാനായി അകത്തേക്ക് പോയി ...കുറച്ചു നേരം ഞാന്‍ പരിസരം മറന്നു അങ്ങനെ തന്നെ നിന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല..

ഞാന്‍ പരിചയപെട്ട നീലാംബരിയെ  ആണ് ഇപ്പോള്‍ കണ്ടതെന്നും അവളുടെ പാവം അച്ഛനാണ് ആ പുതുപുത്തന്‍ ബൈക്ക് ഓടിച്ചു അവിടേക്ക് വന്നതെന്നും മനസ്സിലാക്കാന്‍ എനിക്ക് കുറച്ചു നിമിഷങ്ങള്‍ കൂടി വേണ്ടി വന്നു .. ഞങ്ങള്‍ ആരും അറിയാത്ത എന്തൊക്കെയോ രഹസ്യങ്ങള്‍ നീലാംബരിയെയും ആ കുട്ടിയുടെ വീട്ടുകാരെയും പറ്റിയും ഉണ്ട് എന്നൊരു തോന്നല്‍ മനസിലേക്ക് കടന്നു വന്നു..  അവസാനം, ആരോടും ഒന്നും പങ്കു വെക്കാതെ, എപ്പോഴോ വായിച്ചു കഴിഞ്ഞ ഒരു കഥയുടെ അദ്ധ്യായം പോലെ ആ ഓര്‍മ്മകളുടെ താളുകള്‍ അടച്ചു കൊണ്ട് ഞാന്‍ നടന്നകന്നു .. ഇനി ഒരിക്കലും നീലാംബരിയെ കണ്ടുമുട്ടരുതേ എന്നാ പ്രാര്‍ത്ഥനയോടെ ....

Friday 20 May 2011

ഒരു ഓര്‍മ്മകുറിപ്പ്

ആരോ എന്നെ വിളിക്കുന്നത്‌ പോലെ തോന്നിയിട്ടാണ് രാവിലെ ഉറക്കം ഉണര്‍ന്നത്... ഇല്ല ... , ആരും എന്നെ  വിളിച്ചിട്ടില്ല... പതിവ് പോലെ തന്നെ എന്‍റെ കൂട്ടുകാര്‍ ഓഫീസില്‍ പോകാനുള്ള തിരക്കിലാണ് .... എന്തോ ഒരു ഉന്മേഷക്കുറവ്.... വീട്ടിലേക്കു  പോയാലോ എന്ന ചിന്ത മനസ്സിലേക്ക് വന്നു... ഒരു ചെറിയ ആശയക്കുഴപ്പത്തിനൊടുവില്‍ പോകണം എന്നു തന്നെ ഞാന്‍ തീരുമാനിച്ചു..

റൂം മേറ്റ്സ്നോട് പറഞ്ഞപ്പോള്‍, അവര്‍ക്ക് അത്ഭുതം., കൂടെ ഒരു ചോദ്യവും ...."എന്ത് പറ്റി നിനക്ക് ???" എനിക്ക് മറുപടി പറയാന്‍ തോന്നിയില്ല ...ഒരു പക്ഷേ  എന്‍റെ മറുപടി അവര്‍ക്ക് ചിലപ്പോള്‍ ഒരു തമാശ പോലെ തോന്നിയാലോ ??  ഒന്നും പറയാതെ  പെട്ടന്ന് ഒരുങ്ങി ഇറങ്ങി ...   ബസ്‌ കയറാന്‍ നിന്നപ്പോള്‍  എന്‍റെ ബാല്യകാല സുഹൃത്തുക്കളെ കൂടെ കൂട്ടാം എന്നൊരു തോന്നല്‍.... അവരെ ഫോണ്‍ വിളിച്ചു ചോദിച്ചു "  ഇന്ന് നിങ്ങള്‍ ഫ്രീ ആണോ ??? ആണെങ്കില്‍  നമുക്ക് നമ്മുടെ പഴയ സ്കൂളിലേക്ക് പോയാലോ ???

എല്ലാര്‍ക്കും വല്യ ഉത്സാഹം...അങ്ങനെ ഞാന്‍ എന്‍റെ  സുഹൃത്തുക്കളെ കാണാനായി തുടിക്കുന്ന മനസ്സോടെ ഓരോ നിമിഷവും തള്ളി നീക്കി.... എന്തോ ബസ്‌ ഇറങ്ങി സ്കൂളിലേക്ക് നടക്കുമ്പോള്‍ ചിരിയോ കരച്ചിലോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് ഞാന്‍ എന്നു തോന്നി...

"സുകൂ ................." എന്‍റെ കൂട്ടുകാര്‍ ആര്‍ത്തു വിളിച്ചു കൊണ്ട് ഓടി എന്‍റെ അടുക്കലേക്കു വന്നു ...അവരുടെ കണ്ണുകളിലും ഞാന്‍ അല്പം മുന്‍പ് അനുഭവിച്ച വികാര തീവ്രതയുടെ അംശങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു ഇപ്പോള്‍..

പണ്ടു ഞങ്ങള്‍ പഠിച്ചിരുന്ന ക്ലാസ്സ്‌ മുറികളും , ഓടി നടന്നിരുന്ന ഇടനാഴികളും സ്കൂള്‍ മുറ്റവും എല്ലാം ഒരിക്കല്‍ കൂടി  ഞാന്‍ കണ്ടു .... ഞങ്ങള്‍ വീണ്ടും പഴയ സ്കൂള്‍ കുട്ടികളായി..... ഉറക്കെ ചിരിച്ചും , ബഹളം വെച്ചു കിളികളെ ഓടിച്ചും ഞങ്ങള്‍ എല്ലാരും അവിടെ  കളിച്ചു നടന്നു...

സ്കൂള്‍ കാലത്ത് പറയാന്‍ മറന്നു പോയ പല കാര്യങ്ങളും, ആ കാലത്ത് നടന്ന തമാശകളും ഒക്കെ പറഞ്ഞു നേരം പോയത് അറിഞ്ഞില്ല. എത്ര പറഞ്ഞാലും കേട്ടാലും മതി വരാതെ , ഓരോന്നും ഓര്‍ത്തു ഓര്‍ത്തു ചിരിച്ചു കൊണ്ടിരുന്നു ഞങ്ങള്‍  ഓരോരുത്തരും ...സമയത്തെ കുറിച്ചോര്‍ത്തു എപ്പോഴും വേവലാതി പെട്ടുകൊണ്ടിരുന്ന ഞങ്ങള്‍ ഇപ്പോള്‍ അതിനെ കുറിച്ച് സമയം കളയാത്തതിനെ  പറ്റി ഓര്‍ത്തു ഞങ്ങള്‍ക്ക് സ്വയം ഒരു അഭിമാനം തോന്നി ....

സമയം സന്ധ്യയാകുന്നു .....എല്ലാര്‍ക്കും വീടെത്തണം, കൂട്ടത്തില്‍ എനിക്കും .....ഒടുവില്‍ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ ഇനി അടുത്ത തവണ കാണുമ്പോള്‍ പറയാം  എന്നു തീരുമാനിച്ചു ... "അല്ലാ, ഇനി എന്നാണ് നമ്മള്‍ ഇത് പോലെ ??? " ആരോ ഉറക്കെ ചോദിച്ചു ... ഞാന്‍ ഒരു മറുപടിക്കായി കാതോര്‍ത്തു .. ഇല്ല ആ ചോദ്യത്തിന്  ആരുടെയും കൈയ്യില്‍ മറുപടി ഇല്ല ...

ഞങ്ങളുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും സന്തോഷങ്ങളും മാറ്റി വെച്ചു ഓരോരുത്തരും സ്വന്തം തിരക്കുകളിലേക്കു മടങ്ങാന്‍ ധൃതി കൂട്ടിയപ്പോള്‍ , ഞാന്‍ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി , കാതോര്‍ത്തു .... എന്‍റെ ഓര്‍മകളിലേക്ക് .... എവിടെയോ ഒരു പാവാടക്കാരിയുടെ  കൊലുസ്സിന്‍റെ കിലുക്കം കേള്‍ക്കുന്നുണ്ടോ ... എന്‍റെ കൂട്ടുകാരുടെ പൊട്ടിച്ചിരികള്‍ എങ്കിലും കേള്‍ക്കുന്നുണ്ടോ ... 


ഒരു പക്ഷേ എന്‍റെ തോന്നലുകള്‍ ഭ്രാന്തമായി തോന്നിയേക്കാം , എങ്കിലും ..... എന്‍റെ ഓര്‍മ്മകള്‍ക്ക്  ഒരു ഇടവേള കൊടുത്തു , ഒടുവില്‍ ഞാനും ആ പടിക്കെട്ടുകള്‍  ഓടിയിറങ്ങി .. എന്‍റെ മാത്രം തിരക്കുകളിലേക്ക്....

Wednesday 18 May 2011

എന്‍റെ നഷ്ടസ്വപ്നങ്ങള്‍

എങ്ങനെ തുടങ്ങണം എന്നോ....... എന്ത് പറയണമെന്നോ എനിക്ക് അറിയില്ല... പക്ഷേ ഇങ്ങനെ ഒറ്റയ്ക്കിരുന്നു  സായാഹ്നങ്ങള്‍ ചിലവഴിക്കുമ്പോള്‍, ഞാന്‍ നിന്നെ കുറിച്ച് ഓര്‍ക്കുവാന്‍ വളരെയേറെ ഇഷ്ടപെടുന്നു... നിന്‍റെ മുഖവും കണ്ണുകളും ചിരിയും എല്ലാം ഞാന്‍ ഈ നിമിഷം എന്‍റെ കണ്മുന്‍പില്‍ കാണുവാന്‍ ആഗ്രഹിക്കുന്നു... ഒരിക്കലും അവസാനിക്കാത്ത ഒരു തുടര്‍കഥ പോലെ!!!

നിന്‍റെ കണ്ണുകളെ നേരിടാനാവാതെ എത്രയോ വട്ടം ഞാന്‍ നിന്നില്‍ നിന്ന് ഓടി ഒളിക്കുവാന്‍ ശ്രമിച്ചു, ഒരു പക്ഷേ നീ എന്നെ പിന്തുടരുന്നുണ്ടാവും എന്ന ഭയത്തോടെ.... നിനക്ക് ഓര്‍മ്മയുണ്ടോ...?? ഒരിക്കല്‍ എന്‍റെ അടുക്കല്‍ വന്നു നിന്നെ ഇഷ്ടമാണെന്ന് പറയാന്‍ ആവശ്യപ്പെട്ടത് ? അന്ന് എന്‍റെ കണ്ണുകളില്‍ നിന്നും ഉതിര്‍ന്നു വീണ കണ്ണുനീര്‍കണങ്ങള്‍  നീ നോക്കി നിന്നത് ഇന്നലെ എന്നതു പോലെ ഞാന്‍ ഓര്‍ക്കുന്നു.

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും നിന്‍റെ മുഖം എന്‍റെ മനസ്സില്‍ ഞാന്‍  സൂക്ഷിക്കുന്നത്  എന്തിനാണെന്ന് എനിക്കറിയില്ല...ഒരു രസം അല്ലേ ?? പക്ഷേ എന്‍റെ മനസ്സിന്  അതിനെ സുഖമുള്ള ഒരു നോവ്‌ എന്ന് വിളിക്കുവനാണ് കൂടുതല്‍ ആഗ്രഹം...സത്യത്തില്‍ നമ്മുടെ ബന്ധത്തിന് എന്ത് പേര് കൊടുക്കണം എന്ന് ഞാന്‍ ഇനിയും തീര്‍ച്ചപെടുത്തിയിടില്ല...


നിനക്ക് ഓര്‍മയുണ്ടാവുമോ എന്നറിയില്ല.. നമ്മുടെ പ്രണയത്തിനു സാക്ഷികളായ ആ ഇടനാഴിയും വാകമരചോടുകളും.... സ്വപ്നങ്ങളുടെ മടിത്തട്ടില്‍ എന്നും ജീവിക്കുവാന്‍ നാം ആഗ്രഹിച്ചു.. എത്ര എത്ര സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുവാന്‍ നാം വെറുതെ ആഗ്രഹിച്ചു....എല്ലാം നമ്മള്‍ ആഗ്രഹിക്കുനത് പോലെ നടക്കാന്‍ സാധിച്ചിരുന്നെങ്കില്‍ , ഞാന്‍ ഇന്നും നിന്‍റെ കൂടെ...നിന്‍റെ മടിത്തട്ടില്‍ തലചായ്ച്ചു ഉറങ്ങിയേനെ അല്ലേ....


ഒരുമിച്ചു ഒരു ജീവിതം കൊതിച്ച നമ്മള്‍ ഇപ്പോള്‍ എത്രയോ അകലെ, പരസ്പരം അറിയാതെ, ഒന്നു കാണുവാനോ മിണ്ടുവാനോ കഴിയാതെ...,,,എവിടെയോ ജീവിക്കുന്നു ..... വിചിത്രമായി തോന്നുന്നില്ലേ നിനക്ക്? വേണ്ട ....ഒന്നും എനിക്ക് ഓര്‍മ്മിക്കേണ്ട....ആ ഓര്‍മകളിലേക്ക് മടങ്ങിപോകുവാന്‍  ഞാന്‍ ഒരിക്കലും ആഗ്രഹികുന്നില്ല...


പ്രണയം എന്താണെന്നും അത് എത്ര മാത്രം തീവ്രമാണെന്നും നീയാണ് എനിക്ക് പറഞ്ഞു തന്നത്. അല്ല....ഞാന്‍  അത് അനുഭവിച്ചു അറിഞ്ഞു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.... എന്നാല്‍ നീ എന്നെ വിട്ടകന്നപ്പോള്‍, എന്നെ തളര്‍ത്തി കളഞ്ഞ  വിരഹത്തിന്‍റെ ആഴം, പക്ഷെ ഞാന്‍ അറിയാന്‍ വളരെയേറെ വൈകിപ്പോയി .... 


ഇന്ന് നീ എവിടെയന്നെന്നോ...എന്താണെന്നോ എനിക്കറിയില്ല. അന്ന് നാം പിരിയുമ്പോള്‍ നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട ദുഃഖത്തിന്‍റെ നിഴലുകള്‍ എന്നെ ഇന്നും വേട്ടയാടുന്നു.... അതേ നിഴലുകള്‍ തന്നെയാണ് നിന്നെയും എന്നെയും ഇന്നും കോര്‍ത്തിണക്കുന്ന ഒരേ ഒരു ഓര്‍മ്മയും... ഇന്ന് ഞാന്‍ അനുഭവിക്കുന്ന വേദനയോ,,,ആ ഓര്‍മ്മകള്‍ എനിക്ക് നല്കിയതും.


എനിക്ക് നിന്നെ മറക്കാന്‍ സാധിക്കുന്നില്ല, എത്ര ശ്രമിച്ചിട്ടും.... ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയ നിമിഷങ്ങള്‍.... വെറുക്കാന്‍ ശ്രമിച്ചു പലപ്പോഴും...പക്ഷെ അതിനും എനിക്ക് കഴിഞ്ഞില്ല. ഇന്ന് ഞാന്‍ അറിയുന്നു,,, നമ്മള്‍ പ്രണയിച്ചിരുന്ന, നമ്മുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കുവാന്‍ കാത്തിരുന്ന നാളുകള്‍ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന്... വല്ലാത്ത ഒരു തിരിച്ചറിവ് അല്ലേ  ? മറവി ഒരു അനുഗ്രഹം എന്ന് ആരോ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, എന്നാല്‍ എന്‍റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് അത് സംഭവിക്കുന്നില്ല ?


പക്ഷെ എനിക്ക് കാത്തിരിക്കാമല്ലോ....ആ കാത്തിരിപ്പിനൊടുവില്‍ നീ എന്നെ തേടി വരും എന്നു ഞാന്‍ എന്തുകൊണ്ടോ വിശ്വസിക്കുന്നു . എനിക്കറിയാം നീ വരും .... എന്നെങ്കിലും നമ്മള്‍ ഒരുമിക്കും... എന്‍റെ നഷ്ടസ്വപ്നങ്ങളും ഓര്‍മ്മകളും ഉറങ്ങുന്ന ഈ താളില്‍ ഞാന്‍ ഒന്ന് കൂടി കുറിക്കട്ടെ ...


             " കാത്തിരിക്കും ഞാന്‍ ആ നാളുകള്‍ക്കായി ..........
                                 
            ഓര്‍ക്കുവാന്‍ ഒത്തിരി ഇഷ്ടത്തോടെ.......... "
                                                                                                                                സ്വന്തം,
                                                                                                                              ---