Pages

Friday 20 July 2012

എന്റേതു മാത്രമായ ഒരു ജീവിതം ..





വെറുക്കുന്നു ഞാന്‍ നിന്നെ ഒരിക്കല്‍  അകമഴിഞ്ഞ് സ്നേഹിച്ചതിനെക്കാള്‍... സൌഹൃദമെന്ന ചട്ടക്കൂടിനും അപ്പുറം ഒരു ബന്ധം എന്തിനു നല്‍കി നീ എനിക്ക് ? അറിയാമായിരുന്നില്ലേ ഞാന്‍ ആരാണെന്നും, എന്താണെന്നും, എങ്ങനെ ആയിരുന്നെന്നും ? കളിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കാമായിരുന്നു എന്റെ ഹൃദയവും നോവും എന്ന് ... എന്റെ ഹൃദയ രക്തത്തിന്റെയും നിറം ചുവപ്പ് ആണ്  എന്ന് ... ആഗ്രഹങ്ങള്‍ ഒക്കെയും ക്ഷണികം എന്ന് അറിഞ്ഞിരുന്നെങ്കില്‍... വെറുതെ എന്തിനീ മുറിവുകള്‍ ആഴത്തില്‍ എനിക്കായി മാത്രം നീ കരുതി വെച്ചു ? 

വാക്കുകള്‍ കൊണ്ട് യുദ്ധം ചെയ്തപ്പോള്‍ ഒരിക്കലും നീ എന്നെ അറിഞ്ഞിരുന്നില്ല ... മടുത്തു ഞാന്‍ നിന്റെ സാമീപ്യം പോലെ തന്നെ നിന്റെ മുഖവും വാക്കുകളും ... പകച്ചു നിന്നിരുന്ന എനിക്ക് കടുപ്പമേറിയ വാക്കുകള്‍ നല്‍കി നീ നടന്നകന്നപ്പോള്‍ ... ഞാന്‍ എങ്ങനെ ആയി തീരും എന്ന് ഒരിക്കല്‍ എങ്കിലും ചിന്തിച്ചോ ? എങ്ങനെ എനിക്ക് പലവട്ടം പല മുഖങ്ങള്‍ മനസ്സില്‍ നിറയ്ക്കാനാകും ... വളരെ എളുപ്പത്തില്‍ നീ പറഞ്ഞു പോയി ഒട്ടും സങ്കോചം കൂടാതെ ... പുച്ഛം തോന്നുന്നു  ഓരോന്നിനോടും വേണമെന്ന് വെച്ച് അല്ലാ ... എന്നിരുന്നാലും ഒഴിവാക്കാമായിരുന്നു നിനക്ക് എന്നെ .... 

ആഗ്രഹങ്ങളില്‍ നിന്നൊക്കെയും മറഞ്ഞു നിന്ന എനിക്ക് എന്തിനു നീ വീണ്ടും ഓരോ നിറങ്ങള്‍ പകര്‍ന്നു നല്‍കി ? ഓരോ വട്ടവും    ഞാന്‍  പറഞ്ഞിരുന്നില്ലേ എനിക്ക് ഇത് വെറും സൗഹൃദം അല്ല എന്ന്.. കാലം മായ്ക്കാത്ത മുറിവുകളുമായി ഞാന്‍ എന്റെ വീഥിയില്‍ ഏകയായി .. പിന്തുടരുകയാണ്  ഞാന്‍ എന്റെ ഹൃദയ നൊമ്പരത്തിന്‍ കാല്‍പ്പാടുകള്‍ ... കൂട്ട് വേണമെന്നില്ല സുഹൃത്തേ... ഒറ്റയ്ക്കാവുന്നതിനും ഉണ്ട് ഒരു പ്രത്യേക സുഖം .. ഇനി വേണ്ട പരീക്ഷണങ്ങള്‍ .. മതിയായി .. 

ഒരിക്കലും കണ്ടുമുട്ടരുത് തമ്മില്‍ ഇനി .. അറിയാതെ പോലും ... സഹിക്കാന്‍ കഴിയില്ല എനിക്ക് ... വീണ്ടും എന്നെ വേദനിപ്പിക്കുന്നത് നേരിടാന്‍  .. വയ്യാ ഇനിയും ഒരിക്കല്‍ കൂടി ... പക്ഷെ മറക്കില്ലാ ഞാന്‍ ഒരിക്കലും .... ഒരു നാളും ... എനിക്ക് ഞാന്‍ മാത്രം മതി ... ആഗ്രഹങ്ങളും ഇഷ്ടങ്ങളും മാറ്റി വെച്ച് ഒരിക്കല്‍ കൂടി ഞാന്‍ ജീവിക്കാന്‍ തുടങ്ങുകയാണ് ... എന്റേതു മാത്രമായ ഒരു ജീവിതം !!!

Thursday 19 July 2012

ഒരു ട്രെയിന്‍ യാത്ര





എല്ലാ ആഴ്ചയിലും ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കു പോവുക എന്നത് ആ ആഴ്ചയിലെ എന്റെ ഒരു ജോലി പോലെ ഞാന്‍ കൃത്യമായി ചെയ്തു പോന്നു... ഒരു ബുധനാഴ്ച ആകുമ്പോഴേ അമ്മയുടെ വിളി വരും .. " നീ  ഈ ആഴ്ച വരുമോ??? വന്നാല്‍ നമുക്ക് പാമ്പാടി ഒക്കെ പോയി ഉടുപ്പ് ഒക്കെ എടുക്കാം ( അമ്മയുടെ കാഴ്ച്ചയില്‍ പാമ്പാടി ആണ് ഏറ്റവും വലിയ ടൌണ്‍  :P ) .. നീ വരണേ  കേട്ടോ... കഷ്ടമുണ്ട് :( ... ഞാന്‍ മീന്‍ ഒക്കെ വാങ്ങി പൊരിച്ചു വെച്ചേക്കാം .. അതോ ചിക്കന്‍ മതിയോ ??  " ഇതൊക്കെ കേട്ടാല്‍ തന്നെ  എങ്ങനെ ഹോസ്റ്റലില്‍ നില്‍ക്കാന്‍ തോന്നും ... ആഹ്,  ഇതൊക്കെ എന്റെ അമ്മയുടെ ഒരു നമ്പര്‍ അല്ലേ ... എങ്ങനെയെങ്കിലും എന്നെ വീട്ടില്‍ വരുത്തി ഉള്ള കട മുഴുവന്‍ ആകെ കിട്ടുന്ന ഒരു സണ്‍‌ഡേ കേറി ഇറങ്ങണം .... പ്രത്യുപകാരമായി കുറച്ചു പോക്കറ്റ്‌ മണീസ് എനിക്ക് തരുന്നത് കൊണ്ട് ഞാന്‍ വളരെ സന്തോഷപൂര്‍വ്വം ഇതിനൊക്കെ നിന്ന് കൊടുക്കാറും ഉണ്ട്  :) ...

അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം ഞാന്‍ പതിവ് പോലെ കൊല്ലം - എറണാകുളം പാസഞ്ചറിന്റെ ലേഡീസില്‍  കയറി സുഖമായി അങ്ങനെ ഇരിക്കുകയാണ് ... അന്ന് കൂട്ടുകാര്‍ ആരും ഇല്ലാത്തതു കൊണ്ട് ബോറടിയുടെ കാര്യം പറയുകയേ വേണ്ട .. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു അമ്മയും കുഞ്ഞും ഒരു വെല്യമ്മചിയും കൂടി എന്റെ സീറ്റിന്റെ എതിര്‍വശത്ത് വന്നിരുന്നു..കാണാന്‍ നല്ല ഭംഗിയുള്ള ഒരു പെണ്‍കുട്ടി.. അതിന്റെ വെല്യമ്മചിയോടു കൊഞ്ചി ഓരോന്നും പറഞ്ഞോണ്ട് ഇരിക്കുവാ ... നല്ല രസമുണ്ട് സംസാരം കേള്‍ക്കാന്‍ ... എന്തൊക്കെയോ കഴിക്കാന്‍ വാങ്ങി അതൊക്കേം ഇടയ്ക്കിടയ്ക്ക് കഴിച്ചും കൊണ്ടാണ് സംസാരം ... സ്റ്റേഷനില്‍ തന്നെയുള്ള ഒരു സ്റ്റോറില്‍ " Lays " ഉണ്ട്.. അത് വേണം എന്ന് പറഞ്ഞു ആ കുഞ്ഞു വാശി പിടിച്ചു കരയാന്‍ തുടങ്ങി .... അവര്‍ അത് വാങ്ങാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അതാ ട്രെയിന്‍ പുറപ്പെടുന്നതിനുള്ള അറിയിപ്പ് കേള്‍ക്കുന്നു .. " ട്രെയിന്‍ ഇപ്പോ  തന്നെ പുറപ്പെടും ആന്റി ... 4.45 ആണ് റയിറ്റ്  ടൈം " ഞാന്‍ അവരോടായി പറഞ്ഞു ... ഇതുടെ കേട്ടതും ആ കുഞ്ഞു അലറി കരയാന്‍ തുടങ്ങി ... അവരെ രണ്ടു പേരെയും ഇടിക്കുന്നു, മാന്തുന്നു  തുടങ്ങിയ കലാപരിപാടികള്‍   നടന്നു കൊണ്ടിരിക്കുന്നു... 

ഹോ.. ഇത് പോലെ ഒരെണ്ണം എനിക്ക് ഉണ്ടായാല്‍ ഞാന്‍ തല്ലുമോ  അതോ കൊല്ലുമോ എന്നുള്ള കണ്ഫ്യുഷനില്‍ ആലോചന തുടങ്ങി .. അല്‍പ സമയത്തിനകം ട്രെയിന്‍ നീങ്ങി തുടങ്ങി ... ടി. പദ്മനാഭന്റെ " ഗൌരി " വായിച്ചു കൊണ്ട് ഞാന്‍ അങ്ങനെ ഇരിക്കുകയാണ് ... കുഞ്ഞിന്റെ കരച്ചില്‍ ഇടയ്ക്കു അലോസരം ഉണ്ടാക്കിയെങ്കിലും ഇപ്പോ  വാശി ഒക്കെ മാറ്റി വെച്ച് കല പില സംസാരം വീണ്ടും തുടങ്ങിയത് കൊണ്ട് ഇടയ്ക്കു ഞാന്‍ അങ്ങോട്ടേക്കും ശ്രദ്ധിക്കും ... തിരുവല്ല ഒക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് വിശക്കാന്‍  തുടങ്ങി , ... ട്രെയിന്‍ കയറുന്നതിനു മുന്‍പ് വാങ്ങി വെച്ചിരുന്ന ഫാന്റയും കപ്പ ചിപ്സും ഞാന്‍ ബാഗില്‍ നിന്ന് എടുത്തു .. ഒരു പീസ് പോലും വായില്‍ വെച്ചില്ല,  ദേ ഒരു കുഞ്ഞി ശബ്ദം " എനിച്ചത് മേണം ... വെല്യമ്മചീ  അത് മേണം .... "  

ദൈവമേ എനിക്ക് പണി കപ്പ ചിപ്സില്‍ കിട്ടി .... കുറച്ചു കൊടുത്തേക്കാം  എന്ന് കരുതി ഞാന്‍ ആ പാക്കറ്റ് അവളുടെ നേരെ നീട്ടി .. ഒരു പിടിത്തം , അതും ആ പാക്കറ്റില്‍ ... " ഇത് മോള്‍ക്ക്‌ താ .... എനിച്ചു താ ... " ഞാന്‍ ചെറുതായി ഒന്ന് തിരിച്ചു വലിച്ചു... ഈശ്വരാ ... തുടങ്ങി .... " എടീ ... എന്റെയാ ഇത് ... വിടടീ ... എനിച്ചു തായേ .... എന്റെ ചിപ്സ്'.... " വയസ്സ് 3 ഉള്ളെങ്കിലും നാക്ക് MA ക്ക് ആണ് പഠിക്കുന്നതെന്നു ഞാന്‍ ഇതും കൊണ്ട് തീര്‍ച്ചയാക്കി ... ശ്ശൊ  ഇത്തിരിയില്ലാത്ത ഒരു കടുകു എന്നെ എടീന്നു വിളിച്ചില്ലേ ... എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു... കൊച്ചിന്റെ അമ്മയും അമ്മൂമ്മയും വര്‍ത്തമാനം ഒക്കെ കേട്ട് രസിച്ചു അങ്ങനെ ഇരിക്കുവാ... അവസാനം കരച്ചില്‍  എങ്ങനെ എങ്കിലും നില്‍ക്കട്ടെ  എന്ന് കരുതി ഞാന്‍ ആ പാക്കറ്റില്‍ നിന്നും പിടി വിട്ടു ... എന്താ ആ മുഖത്തെ ഒരു സന്തോഷം :P 

പാക്കറ്റ് കയ്യില്‍ കിട്ടിയതും ഓടി അത് കൊണ്ട് പോയി അമ്മയുടെ മടിയില്‍ വെച്ചിട്ട്  എന്നെ ഒന്ന് ചിരിച്ചു കാണിച്ചു ... എന്റെ മുഖം കണ്ടു ആരോ പറഞ്ഞു " ഇച്ചിരി ആ ചേച്ചിക്കും കൂടെ കൊടുത്തേ  വാവേ ... " ഉടന്‍ വന്നു മറുപടി,  " ഇല്ലാ ...." ഞാന്‍ മനസ്സില്‍ ഇങ്ങനെ പറഞ്ഞു " എടി കൊച്ചേ ... എന്റെ ശരിക്കുള്ള സ്വഭാവം അനുസരിച്ചാണേല്‍ ഞാന്‍ നിന്നെ കെട്ടി ഇട്ടു നിന്റെ മുന്നില്‍ വെച്ച് ചിപ്സ് മുഴുവനും തിന്നു ഫാന്റയും കുടിച്ചു തീര്‍ത്തിട്ടെ നിന്നെ അഴിച്ചു വിടുള്ളൂ ... അമ്മയും അമ്മച്ചിയും കൂടെ ഉള്ളത് നിന്റെ ഭാഗ്യം  ... ഹും എന്നേലും നിന്നെ എന്റെ കയ്യില്‍ കിട്ടും ... " വീണ്ടും ആരോ എനിക്കും കൂടി തരാന്‍ പറയുന്നതിന് മുന്‍പേ തന്നെ ഞാന്‍ അങ്ങോട്ട് കയറി പറഞ്ഞു " ഓ  വേണ്ട ആന്റി ...മോള് കഴിച്ചോട്ടെ... ചെറിയ കുട്ടി അല്ലേ :P "  .....

കപ്പ ചിപ്സ് കിട്ടിയപ്പോള്‍ ലോകം പിടിച്ചടക്കിയ ഹിറ്റ്‌ലറിന്റെ  ഗമയിലായി പിന്നെ നടപ്പും ഇരിപ്പും എല്ലാം ... കഴിച്ചു കഴിച്ചു എരിവു തോന്നുമ്പോള്‍ എന്റെ അടുത്ത് വന്നു എന്റെ മടിയില്‍ ഇരിക്കുന്ന ഫാന്റ എടുത്തു എന്റെ നേര്‍ക്ക്‌ നീട്ടും " ഇത് തുറന്നു തരാവോ ... ? " അച്ചോടാ :) ... എന്തൊക്കെ വികൃതിത്തരം കാട്ടിയാലും ആ സംസാരത്തില്‍ ആരായാലും വീണു പോകും .. ഞാന്‍ ബോട്ടില്‍ തുറന്നു ഫാന്റ ഒഴിച്ച് കൊടുത്തു ... പിന്നെ ഇടയ്ക്കിടയ്ക്ക് എന്റെ അടുത്ത് വരാന്‍ തുടങ്ങി... ചങ്ങനാശ്ശേരി ആയപ്പോള്‍ എന്റെ മടിയില്‍ വന്നിരുന്നു ജനലിലൂടെ പുറത്തെ കാഴ്ചകളും കണ്ടു ഇരിക്കാന്‍ തുടങ്ങി നമ്മുടെ കക്ഷി .. എന്തൊക്കെയോ സംശയങ്ങളും ചോദിക്കുന്നുണ്ട്  എന്നോട് ... ഇപ്പോ  എനിക്ക് ആദ്യം തോന്നിയ ദേഷ്യം ഒന്നുമില്ല കേട്ടോ... എന്റെ മനസ്സ് നിറയെ അമ്മ പറയാറുള്ള എന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍  ആണ് ... പണ്ട് ചെറിയ കുട്ടി ആയിരുന്നപ്പോള്‍ ഞാന്‍ സംസാരിച്ചിരുന്നത്  അമ്മ റെക്കോര്‍ഡ്‌ ചെയ്തു വെച്ച്  ഒരിക്കല്‍ എന്നെ കേള്‍പ്പിച്ചതും ഒക്കെ ഓര്‍ത്തു പോയി  ... 

അങ്ങനെ ഇരുന്നു നേരം പോയത് ഞാന്‍ അറിഞ്ഞില്ല ... കോട്ടയം സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പുള്ള തുരങ്കം കടന്നപ്പോഴാണ് ഞാന്‍ 3 വയസ്സുകാരിയില്‍ നിന്നും 23 വയസ്സിലേക്ക്  മടങ്ങി വന്നത് ... 20 വര്‍ഷങ്ങള്‍ പുറകിലേക്കുള്ള ഈ യാത്ര എനിക്ക് ഒരു ചെറിയ ഉത്സാഹം ഒക്കെ തന്നിരിക്കുന്നു :) ... ആഹാ നമ്മുടെ " കപ്പ ചിപ്സ് "  എന്റെ മടിയില്‍ കിടന്നു നല്ല ഉറക്കമായി കേട്ടോ ... ഞാന്‍ അവളെ പതുക്കെ ഉണര്‍ത്താതെ എടുത്തു അമ്മയുടെ കയ്യില്‍ കൊടുത്തു ... " മോളെ ഒന്നും തോന്നരുത് കേട്ടോ.... ചെറിയ കുട്ടി അല്ലേ .. അത് കൊണ്ടാ .... " ചിരിച്ചു കൊണ്ട് അവര്‍ എന്നോട് പറഞ്ഞു ... " അത് സാരമില്ലാ ആന്റി ... ഞാനും പണ്ട് ചെറുപ്പത്തില്‍ ഇങ്ങനെ ആയിരുന്നു എന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട് ... ഞാന്‍ ഇത്രേം നേരം അതൊക്കെ ഓര്‍ത്തു ഇരിക്കുവാരുന്നു ... എനിക്ക് കുഴപ്പം ഒന്നും ഇല്ല കേട്ടോ... എന്നാല്‍ ശരി ഞാന്‍ ഇറങ്ങട്ടെ ... ഇത് പോലെ എന്നെങ്കിലും  എവിടെ എങ്കിലും വെച്ച് കാണാം :) .. " അവരോടു യാത്രയും പറഞ്ഞു ബസ്‌ സ്റ്റാന്റ്  ലക്ഷ്യമാക്കി ഞാന്‍ നടന്നപ്പോള്‍ എന്റെ ഫോണില്‍ അമ്മയുടെ റിംഗ് ടോണ്‍ മുഴങ്ങി ....
         " You're my Honeybunch, SugarplumPumpy-umpy-umpkin, You're my Sweetie Pie
You're my Cuppycake, Gumdrop
Snoogums-Boogums, You're the Apple of my Eye
         And I love you so and I want you to know 
That I'll always be right here
And I love to sing sweet songs to you
Because you are so dear "

ഈ റിംഗ് ടോണ്‍ കേള്‍ക്കാന്‍ താല്പര്യം ഉള്ളവര്‍ ദയവായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

Link: http://www.youtube.com/watch?v=8YfOjrtu_u4