Pages

Tuesday 3 September 2013

ഒരേ മനസ്സോടെ ...




ദീർഘ  നേരത്തെ നടത്തം അവസാനിപ്പിച്ചു അവൻ പാർക്ക് ബെഞ്ചിൽ ഒന്നിൽ  ഇരുന്നു... അവന്റെ കണ്ണുകൾ  കുറച്ചകലെ മാറി ഇരിക്കുന്ന ഒരു പെണ്‍കുട്ടിയിൽ ഉടക്കി ... കാഴ്ചക്ക് തരക്കേടില്ല.. ഇടയ്ക്കിടെ  ആ പെണ്‍കുട്ടിയെ അവൻ കടൽത്തീരത്ത്  കാണാറുണ്ടായിരുന്നു .. അവസാനമായി കണ്ടത് 1 - 2 ആഴ്ച്ചകൾക്ക് മുൻപ് ആയിരിക്കണം  .. അവൾ ഇരിക്കുന്ന ബെഞ്ചിനരികിലേക്ക് നടക്കുമ്പോൾ സ്വയമറിയാതെ ഉയർന്ന നെഞ്ചിടിപ്പോർത്തു അവനു അതിശയം തോന്നി.. "വിരോധമില്ലെങ്കിൽ ഞാനും കൂടി ഇരുന്നോട്ടെ ഇവിടെ? " അവൾ ഒന്ന് ഞെട്ടിയോ??  മനോഹരമായ ഒരു പുഞ്ചിരിയാണു അവൾ മറുപടിക്ക് പകരമായി  അവനു നല്കിയത്... അതായിരുന്നു അവളുടെ സമ്മതം !!!

നനുത്ത പ്രഭാതങ്ങളിൽ അവർ വീണ്ടും വീണ്ടും കണ്ടുമുട്ടി  ... അവരുടെ സൌഹൃദത്തിനു ഒരു മൂകസാക്ഷിയായി ഉദയസൂര്യനും തിരകളടങ്ങിയ ആ കടലും നിന്നു .... അവർ ഏറെ നേരം സംസാരിക്കും; ജീവിതത്തിനെ പറ്റി; അനുഭവങ്ങളെ പറ്റി ; അവരവരുടെ കുടുംബങ്ങളെ പറ്റി ... കടലിന്റെ ആഴങ്ങളാണ് അവളുടെ വാക്കുകൾക്കു , കടലിന്റെ നിറമാണ് അവളുടെ കണ്ണുകൾക്ക്‌ ... അവനു ഏറ്റവും പ്രിയപ്പെട്ടതും അത് തന്നെ.. നീല നിറമുള്ള മിഴികളിൽ അവൾക്ക്  പറയാനുള്ള എല്ലാ വാക്കുകളും കെട്ടുപിണഞ്ഞു കിടക്കുന്നതായി തോന്നുന്നു പലപ്പോഴും ... ഒടുവിൽ ധൈര്യത്തോടെ അവൻ അവളോട്‌ പറഞ്ഞു അവന്റെ മനസ്സിൽ ഉള്ളത് മുഴുവൻ ...

മനു :- "കാവ്യാ .... എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട് ...

"എന്തെ മനു ?? " കാവ്യ ചോദിച്ചു...

അവളുടെ മിഴികളിലേക്കു നോക്കി അവൻ മെല്ലെ പറഞ്ഞു " എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ് .. വെറുതെ സമയം നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ.. നിനക്ക് സമ്മതമാണെങ്കിൽ ഞാൻ അമ്മയെയും കൂട്ടി വീട്ടിലേക്കു വരട്ടെ? 

കാവ്യ :- "ഉം ഉം വേണ്ട മനൂ .. "

"എന്തെ നീ അങ്ങനെ പറഞ്ഞത് ? " അവനു ആകെ ഒരു അങ്കലാപ്പ് ...

കാവ്യ :- " ഒന്നുല്ല ... പക്ഷെ വേണ്ട മനു .. നമുക്ക് ഈ സംസാരം ഇവിടെ നിർത്താം .. മനു ഓഫീസിൽ പൊയ്ക്കൊളൂ ... വെറുതെ സമയം കളയണ്ട..."

ഒന്നും മറുപടിയായി പറഞ്ഞില്ല .. പറയാൻ തോന്നിയില്ല ... അവൾ തിരികെ വിളിച്ചതുമില്ല ... പിന്തിരിഞ്ഞു നടന്നു ദൂരേക്ക്‌... അങ്ങ് ദൂരേക്ക്‌... എനിക്കെന്തു കുറവാണ് അവൾ കണ്ടുപിടിച്ചത്? ഇന്നും ഈ നഗരത്തിലെ അറിയപ്പെടുന്ന ഒരു ഓർഗനൈസേഷനിലെ മികച്ച ഒരു ഉദ്യോഗസ്ഥനാണ് ഞാൻ ; എന്നിട്ടും ഒന്നുമല്ലാത്തവനെ പോലെ ഇത്ര വേഗം തള്ളിക്കളയാൻ അവൾക്കു എങ്ങനെ തോന്നി?  അത് കൂടി ചോദിയ്ക്കാൻ ധൈര്യമില്ലേ എനിക്ക് ? ചോദ്യങ്ങൾക്കൊടുവിൽ അവന്റെ  നടത്തത്തിനു വേഗത കുറഞ്ഞു ... വീണ്ടും അവളെ തേടി അവന്റെ കണ്ണുകൾ പിന്നിലേക്ക്‌ നീണ്ടു ... ഒരു ചെറിയ പെണ്‍കുട്ടി അവളെയും പിടിച്ചു കൊണ്ട് അല്പ്പം അകലെയായി നടക്കുന്നു... " എന്തു  പറ്റി കാവ്യാ ...  ? ".. ദിക്കറിയാതെ ; അവന്റെ സ്വരം എവിടെ നിന്ന് വന്നുവെന്നറിയാതെ അവളുടെ കണ്ണുകൾ  ഉഴറി ... എന്ത് പറയണമെന്ന് അറിയാതെ അവൻ പകച്ചു നിൽക്കുമ്പോൾ കടൽക്കാറ്റിന്റെ ഇരമ്പലിനൊപ്പം അവളുടെ സ്വരം അവൻ കേട്ടു ...

" മനൂ ... നീ ഇപ്പൊ കാണുന്നില്ലേ ഈ കാവ്യയെ ? ഇതാണ് ഞാൻ ; ശരിക്കുള്ള കാവ്യ .. പുറം കാഴ്ചയിൽ മനം മടുക്കാത്ത , ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഈ ലോകത്തെ ഇഷ്ടപ്പെടുന്ന കാവ്യ  ... എനിക്ക് വെളിച്ചമെന്തെന്നു അറിയില്ല  മനൂ .. പുറത്തു എന്താണ് നടക്കുന്നതെന്നും എനിക്ക് അറിയില്ല... മനുവിനോട് എന്താണ് മറുപടി പറയേണ്ടതെന്ന് ഞാൻ ആലോചിച്ചു വന്നപ്പോഴേക്കും പൊയ്ക്കളഞ്ഞു അല്ലെ ? ... കഷ്ടം ഞാൻ അത് പോലും അറിഞ്ഞില്ല മനൂ .. നീ പറഞ്ഞു കേട്ട തിരക്ക് പിടിച്ച ; നിറങ്ങളും കാഴ്ചകളും എല്ലാം ഉള്ള ലോകത്തിൽ  ഈ വെളിച്ചമില്ലാത്ത കണ്ണുകൾ  ഉള്ള എനിക്ക് എങ്ങനെ മനുവിന്റെ കൂടെ വരാൻ കഴിയും ? ഞാൻ എങ്ങനെ മനുവിന്റെ കൂടെ ജീവിക്കും ? എനിക്കറിയില്ല... നമുക്കെന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കാം മനൂ... ഇതുപോലെ അവസാനം വരെ...

തിരികെ നടക്കുന്ന അവളുടെ പാദങ്ങളിലേക്ക് മിഴികളൂന്നി , കണ്ണുകൾ  നിറഞ്ഞു കാഴ്ചകൾ മറഞ്ഞു അവൻ നിന്നു ... ഇന്നുവരെ സ്വന്തം നഷ്ടക്കണക്കുകളുടെ കൂട്ടിക്കിഴിചിലുകൾ മാത്രം ശീലിച്ചിരുന്ന അവനിന്ന്  മറ്റൊരാളുടെ ഏറ്റവും വലിയ നഷ്ടത്തിനു മുൻപിൽ പകച്ചു പോയിരുന്നു... ഇന്നേ വരെ ഉണ്ടായിരുന്ന അവന്റെ പരാതികളും പരിഭവങ്ങളും അവൻ മറന്നു.. മനസ്സുകൊണ്ട് അമ്മയോട് അനുവാദം വാങ്ങി അവൻ അവൻ അവൾക്കരികിലേക്ക് നീങ്ങി ... അവളുടെ വലതു കൈത്തലം തന്റെ  ഉള്ളംക്കയ്യിലേക്ക്  ചേർത്തുവെച്ച് അവൻ അവളോട്‌ ചേർന്ന് നിന്നു... ഒരിക്കലും പിരിയില്ലെന്ന ഉറപ്പോടെ ...

പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ മനസ്സ് എല്ലാം അറിയുന്നു .. ഇപ്പോഴവന് കാണാം അവളുടെ കണ്ണുകളിലെ സന്തോഷത്തിന്റെ തിളക്കം .. കരുതലിന്റെ തണൽ .. നീർമുത്തുകൾ അടർന്നു വീഴുമ്പോൾ ശാന്തംമായി അലയടിക്കുന്ന കടലിന്റെ തീരത്തു അവർ രണ്ടു പേരും മാത്രമായി .. തോളോടുതോൾ ചേർന്നു ഉദയസൂര്യന്റെ കിരണങ്ങൾ ഏറ്റുവാങ്ങി അവർ നിന്നു  ഒരു പുതിയ ജീവിതത്തിനായ് ... ഒരു മെയ്യോടെ .. ഒരേ മനസ്സോടെ ...

Tuesday 13 August 2013

Vande Matharam !!!


The Silent Indian National Anthem JANA GANA MANA by hearing impaired school students ...

Proud to be an INDIAN ...


Friday 2 August 2013

ആദരാഞ്ജലികൾ ...



" വാതിൽ പഴുതില്ലൂടെന്മുന്നിൽ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകേ ...
അതിലോലമെൻ ഇടനാഴിയിൽ നിൻ കളമധുരമാം കാലൊച്ച കേട്ടു ...
മധുരമാം കാലൊച്ച കേട്ടു ... "

നിലയ്ക്കാത്ത കാലൊച്ചകൾ ഹൃദയത്തിൽ എന്നാളും  മുഴങ്ങുവാൻ ഒരായിരം മനോഹരഗാനങ്ങൾ ഞങ്ങൾക്ക് നൽകിയ ശ്രീ ദക്ഷിണാമൂർത്തി സാറിനു ആദരാഞ്ജലികൾ !!!

Saturday 13 July 2013

മരണമെത്തുന്ന നേരം !

" മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ ... കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ ... ഒടുവിലായി അകത്തേക്കെടുക്കുന്ന ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ ... മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ ..."


ഈ നാലു വരി കവിത കേൾക്കുമ്പോൾ അവൾ സങ്കൽപ്പിക്കാറുണ്ട് തന്റെ അന്ത്യവേളകൾ ... വിധിച്ച നിമിഷങ്ങളിൽ പോലും നഷ്‌ടങ്ങളുടെ വേദനയാണ് കൂടുതലും അറിഞ്ഞത് അല്ലെങ്കിൽ അനുഭവിച്ചത്...നിത്യതയുടെ ലോകത്തേക്കുള്ള  ആദ്യ യാത്രയുടെ ഒരുക്കത്തിൽ , മിഴികൾ പാതി അടഞ്ഞു പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ഒരു മായക്കാഴ്ചയിൽ  എന്ന പോലെ മങ്ങി തുടങ്ങുമ്പോൾ , വരണ്ട ചുണ്ടുകൾ യാത്രാമൊഴി ചൊല്ലുന്ന വേർപാടിന്റെ വേളയിൽ ,   .... അവൾ അറിയുന്നു നിന്റെ സാമീപ്യം ... നിന്റെ വിരലുകളുടെ മൃദുസ്പർശം ... ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിർവൃതിയിൽ അവളുടെ മനസ്സ് പറഞ്ഞു, നിനക്ക് ആശ്വാസത്തോടെ, സന്തോഷത്തോടെ തിരികെ മടങ്ങാം... എന്തെന്നാൽ നിന്റെ അവസാനശ്വാസത്തിനു അവന്റെ ഗന്ധമാണ് ... നിന്റെ പ്രണയത്തിന്റെ ഗന്ധമാണ്... ഒരിക്കലും മരിക്കാത്ത കുറെ ഓർമ്മകളുടെ ഗന്ധം ! 

ഈ കവിത കേൾക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

YouTube Link - http://www.youtube.com/watch?v=4dA7WnsWk04