Pages

Tuesday, 26 November 2024

വീണ്ടുമൊരു ക്രിസ്തുമസ് കാലം


എന്റെ 'അമ്മ ഒരു കണക്കു ടീച്ചർ ആയിരുന്നു.. അതിന്റേതായ ഒരു കണിശത സ്വതവേ എല്ലാ കാര്യങ്ങളിലും ഉണ്ടായിരുന്നു താനും.. ആ കൊല്ലത്തെ ക്രിതുമസിനു പുൽക്കൂടും പടക്കവും കമ്പിത്തിരിയും ഒക്കെ എങ്ങനേലും സെറ്റ് ആക്കണം എന്നും കരുതി ഞാനും അനിയനും കൂടി അമ്മയുടെ പുറകെ കൂടി.. "മേൽനോട്ടം അമ്മയുടെ വക" എന്ന ഒരൊറ്റ കണ്ടീഷനിൽ ഞാനും അനിയനും, കുറുക്കനും പുലിയും പ്രേതങ്ങളും ഉണ്ടെന്ന് പറയപ്പെടുന്ന (അഥവാ 'അമ്മ ഞങ്ങളെ പറഞ്ഞു പറ്റിച്ചിരുന്ന) ഘോര നിബിഡമായ റബർ തോട്ടത്തിലേക് പുൽക്കൂട് ഉണ്ടാക്കാൻ വേണ്ടുന്ന പുല്ലു ചെത്താൻ പോയി.. 

ഇച്ചിരി കഷ്ടപെട്ടാണെകിലും പുല്ലും ചെത്തി വിജയശ്രീലാളിതരായി തിരിച്ചു വന്ന ഞങ്ങൾ പുൽക്കൂട് ഉണ്ടാക്കാൻ തുടങ്ങി.. അന്ന് രാത്രി മുതൽ കരോളുകാര് വരും.. ഡിസംബർ തുടങ്ങി കഴിഞ്ഞാൽ ആ ചുറ്റുവട്ടത്തുള്ള പള്ളിക്കാരും കരോളുകാരും ഒക്കെ വലിയ വാൽനക്ഷത്രം ഉണ്ടാക്കാൻ ഞങ്ങടെ വീട്ടീന്നാ ഇല്ലിക്കമ്പു ഒടിക്കുന്നെ.. അവര് ടീം ആയിട്ട് റബര് തോട്ടത്തിൽ പ്രാക്ടീസ് ചെയുന്നത് ഞങ്ങൾക്ക് ഡിസംബർ തുടങ്ങി കഴിഞ്ഞാൽ എന്നും കേൾക്കാം .. കുറച്ചു ഉള്ളിലേക്കു ആയതു കൊണ്ട് കരോളുകാർക് ഒരിക്കലും ഞങ്ങടെ വീട് മിസ് ആകാതെ ഇരിക്കാൻ ഞാനും അനിയനും മാറി മാറി ക്രിസ്മസ് സ്റ്റാറിൽ ഇട്ടിരിക്കുന്ന ബൾബിന്റെ സ്വിച്ച് മിന്നിച്ചോണ്ട് ഇരിക്കും.. ഓർമ്മകൾ എപ്പോഴും അങ്ങനെ ആണ്.. നമ്മൾ മറക്കാതെ ഇരിക്കാൻ അവർ മിന്നി മിന്നി തെളിഞ്ഞു കൊണ്ടേ ഇരിക്കും..

കരോളുകാര് ഞെട്ടണം കൂട്ടത്തിൽ ഞങ്ങടെ അച്ചാച്ചനും (aka അച്ഛൻ) എന്ന ഒറ്റ ഉദ്ദേശത്തിൽ പണി തകൃതിയായി നടക്കുന്നു.. 'അമ്മ ഇടക്ക് ഇടക്ക് സൂപ്പർവൈസ് ചെയുന്നു.. നേരം സന്ധ്യയായി.. അങ്ങനെ നമ്മടെ പുൽക്കൂട്, മനോഹരമായി അലങ്കരിച്ച ഞങ്ങളുടെ നാച്ചുറൽ ക്രിസ്മസ് ട്രീ ആയ പേരമരത്തിന്റെ ചുവട്ടിൽ അതിലും മനോഹരമായി ഉയർന്നു നിന്നു.. സബാഷ്!!! നന്നായിരിക്കുന്നു!! അപ്പച്ചനും അമ്മച്ചിയും അഭിനന്ദനങ്ങൾ കൊണ്ട് മൂടി .. ഭാവിയിൽ ജോലി ഒന്നും കിട്ടിയില്ലെങ്കിലും പുൽക്കൂട് ഉണ്ടാക്കിയാണേലും ജീവിക്കാൻ ഉള്ള വക കണ്ടെത്തിക്കോളും എന്ന് അവർക്കു തോന്നിക്കാണും.. അമ്മയുടെ മുഖത്തു അത്ര തെളിച്ചം പോരാ .. "അവിടെ മേശേടെ അകത്തു ചവറു പോലെ കുറെ ക്രിസ്തുമസ് കാർഡ് കൂട്ടി ഇട്ടിട്ടുണ്ടല്ലോ.. അതൊക്കെ ഇനി എന്നാത്തിനാ വെച്ചേക്കുന്നേ? അതൂടെ പുൽക്കൂട്ടിൽ കൊണ്ട് വെചേക്ക് .. ഇച്ചിരി കൂടി കളർ ആവട്ടെ.." അമ്മ പറഞ്ഞു..

"ശെടാ.. ഈ ബുദ്ധി എന്താടാ  നമുക്ക് നേരത്തേ തോന്നാഞ്ഞതു കിച്ചൂ? എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോടീ" എന്ന് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുംകൊണ്ട് ജീവിതത്തിൽ അന്നേവരെ കിട്ടിയ എല്ലാ ആശംസ കാർഡുകളും ആ പുൽക്കൂട്ടിൽ കൊണ്ട് വെച്ചു.. വിലപിടിപ്പുള്ള (അന്നത്തെ കാലത്തു അതൊക്കെയല്ലേ നമുക്ക് ഏറ്റവും വിലയുള്ളത്.. ഇന്നാണെങ്കിലോ പതിന്മടങ്ങു വിലയും..) സാധനങ്ങൾ ആയതു കൊണ്ട് ആരും എടുത്തോണ്ട് പോകാതെ ഇരിക്കാൻ എനിക്കും അനിയനും ഏറ്റവും ഇഷ്ടമുള്ള ചുവന്ന നിറത്തിലെ പട്ടികുട്ടിയുടെ പ്ലാസ്റ്റിക് പാവയും പുൽക്കൂടിന്റെ മുന്നിൽ തന്നെ വെച്ചു.. ചുരുക്കി പറഞ്ഞാൽ ഉണ്ണി ഈശോയെ കാണണേൽ പട്ടികുട്ടി സമ്മതിക്കണം..

സന്ധ്യക്ക് പ്രാർത്ഥന ഒക്കെ കഴിഞ്ഞു ഞങ്ങൾ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ടു.. അപ്പച്ചൻ, അമ്മച്ചി, 'അമ്മ, ഞാൻ, കിച്ചു എല്ലാരും കൂടി കമ്പിത്തിരി, മത്താപ്പൂ, ഏറുപടക്കം, തറച്ചക്ക്രം ഇത്യാദി സാധനങ്ങൾ സിറ്റ്ഔട്ടിൽ നിരത്തി.. ചെസ്സ് നമ്പർ 1 ഓൺ സ്റ്റേജ്  - അതെ കമ്പിത്തിരി ഇതാ പലനിറത്തിൽ പലവിധത്തിൽ.. വില തുച്ഛം ഗുണം മെച്ചം എന്ന് തെളിയിച്ചു കൊണ്ട് പിന്നാലെ തറച്ചക്ക്രം വന്നു പാമ്പിൻ ഗുളിക വന്നു.. അങ്ങനെ അങ്ങനെ.. ഇനി പടക്കം എടുക്കാം എന്ന് ഞാൻ.. വേണ്ട പടക്കം കലാശക്കൊട്ടിന്, ഇപ്പൊ മത്താപ്പൂ മതിയെന്നു അനിയൻ.. ഭൂരിപക്ഷ വോട്ട്  സ്വാഭാവികമായും ഇളയതായതു കൊണ്ട് അവനു പോകുന്ന അമര്ഷത്തിൽ ഞാൻ പറഞ്ഞു, "മത്താപ്പൂ കത്തിക്കുവാണേൽ ഒന്നിച്ചു പിടിച്ചു കത്തിക്കും".. ഹല്ലേ നമ്മളോടാ കളി.. 

"എങ്ങനെ വേണേലും ആയിക്കോ, രണ്ടും കൂടി വീടിനു തീ ഇടരുത്.. ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം.." എന്ന് അമ്മയും.. 

മത്താപ്പൂവിനെ ഞങ്ങൾ പുൽക്കൂടിന്റെ മുന്നിലേക്ക് ആനയിച്ചു.. ഒന്നിച്ചൊരു ഉൽഘാടനം ചെയുന്ന ഗമയിൽ ഞങ്ങൾ രണ്ടു പേരും തിരി കൊളുത്തി.. 

ഭും!!! ഒരു ഇടിവെട്ട് .. കൂട്ടത്തിൽ ഒരു മിന്നൽ.. പിന്നെ സർവത്ര പുകമയം.. ശുഭം!!!

"അയ്യോ, എന്റെ കൊച്ചുങ്ങൾ.." എന്ന് അലറിക്കരഞോണ്ട് 'അമ്മ പാഞ്ഞെത്തി.. "ഹോ എന്നാ സൂക്കേടാ ഈ പിള്ളേർക്ക്" എന്നും പറഞ്ഞു അമ്മച്ചിയും, ഇനി പൊട്ടാൻ ഒന്നും ബാക്കിയില്ല എന്ന ഭാവത്തിൽ അപ്പച്ചനും അകത്തേക്ക് വലിഞ്ഞു.. ഇനി അമ്മയുടെ വക സംഹാര താണ്ഡവം.. മത്താപ്പൂ പൊട്ടിത്തെറിച്ചതിനു ചറപറാ കിട്ടിയ അടിയിൽ (അതായിരുന്നു അന്നത്തെ കീഴ്‌വഴക്കം) കണ്ണിൽ നിന്ന് പറന്ന പൊന്നീച്ച ഒന്ന് അടങ്ങിയപ്പോൾ ഞാൻ ചുറ്റും ഒന്ന് നോക്കി..  

Note the point: അടി മൂത്തവർക്ക് മാത്രമേ ഉള്ളൂ കേട്ടോ 😭

വെടിമരുന്നു ദേഹത്ത് വീണിട്ട് വെള്ളിനിറത്തിൽ നിൽക്കുന്ന ഞാനും അനിയനും, ചുവന്ന നിറം പോയിട്ട് അതേ വെള്ളി നിറത്തിൽ മിന്നി തിളങ്ങുന്ന പട്ടികുട്ടിയും ഇനി അടിക്കല്ലേ 🙏  എന്ന ഭാവത്തിൽ നിൽക്കുന്നു.. മത്താപ്പൂ കത്തി തീർന്നിട്ടും ഇത്രേം വെളിച്ചം വീണ്ടും എവിടുന്നാ എന്ന് നോക്കിയപ്പോഴല്ലേ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ പാഞ്ഞത്.. തീ മിന്നൽ തിളങ്ങി കാറ്റും കോളും തുടങ്ങി.. yesssss.. അതെ സുഹൃത്തുക്കളെ.. ഒരിക്കലും കണക്കിൽ പിഴക്കാത്ത അമ്മയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് അതാ ഞങ്ങടെ പുൽക്കൂട് നിന്ന് കത്തുന്നു.. കൂട്ടത്തിൽ പേരമരവും തോരണങ്ങളും ക്രിസ്തുമസ് നക്ഷത്രങ്ങളും.. 

പിന്നെ ഒരോട്ടം ആയിരുന്നു തീ അണയ്ക്കാൻ.. ഫയർ എൻജിൻ  വിളിക്കണോ അമ്മേ?? എന്ന് ചോദിക്കാൻ ഉള്ള പേടി കാരണം ഞാനും അനിയനും വളരെ  ആത്മാർത്ഥമായി  കിണറ്റിൽ നിന്ന് വെള്ളം കോരിക്കോരി ഒഴിച്ചു തീ കെടുത്താൻ ആഞ്ഞു പരിശ്രമിച്ചു.. "കടുവ" എന്ന് അന്ന് ഞങ്ങൾ വിളിച്ചിരുന്ന അച്ചാച്ചൻ വരുന്നേനു മുന്നേ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മുറ്റം ഇരിക്കണം, ഇല്ലെങ്കിൽ വീട് നിന്ന് കത്തും (വീണ്ടും അതായിരുന്നു അന്നത്തെ കീഴ്‌വഴക്കം).. 

ഇന്നലെ എന്റെ 4 വയസ്സുള്ള മകൻ ക്രിസ്തുമസ് ട്രീ ഒരുക്കുന്ന കൂട്ടത്തിൽ "ഇനി നമുക്കൊരു പുൽക്കൂടും  കൂടി  വേണം ഉണ്ണി ഈശോനെ വെക്കാൻ" എന്ന് പറഞ്ഞപ്പോ വർഷങ്ങൾക് ശേഷം എന്റെ ഓർമയിൽ ഒരു കൊച്ചു സുകന്യയും കിച്ചുവും ഞങ്ങടെ ആ കുഞ്ഞു പുൽക്കൂടും യമണ്ടൻ മത്താപ്പൂവും പിന്നെ ഞങ്ങളെ വിട്ടു പിരിഞ്ഞ ഞങ്ങടെ അമ്മയെയും ഓര്മ വന്നു.. ഒരിക്കൽ കൂടി ആ ഓർമകളിലേക്ക് മടങ്ങുവാൻ വീണ്ടുമൊരു ക്രിസ്തുമസ് കാലം വരവായി..

എല്ലാര്ക്കും ഞങ്ങടെ വക ക്രിസ്തുമസ് ആശംസകൾ!!!

NB: ഫോട്ടോയിൽ ഉള്ളത് എന്റെ മകൻ മാധവ്‌ ഒരുക്കിയ ക്രിസ്തുമസ് ട്രീ  🎄 🌟 💓

 

 



Tuesday, 2 July 2024

നിഷ്കളങ്കത


നിഷ്കളങ്കതയ്ക്ക് അതിരുകൾ ഇല്ലത്രേ.. 

അത് കൊണ്ടാവും അമ്മയ്ക്ക് ദേഷ്യം വന്നപ്പോൾ ഒരു ചെറിയ അടി കൊടുത്തിട്ടും, അവളുടെ അടുത്തേക്ക് ആ കുഞ്ഞു വീണ്ടും വീണ്ടും ഓടി ചെല്ലുന്നതു.. 

എന്നാൽ അതിലേറെ നിഷ്കളങ്കമാണ് ഒരു അമ്മയുടെ മനസ്സ്.. 

കഞ്ഞിനു കൊടുത്ത ആ ഒരു അടി അത് എത്ര  ചെറുതാണെങ്കിലും അവൾ അതേറ്റു വാങ്ങിയത് സ്വന്തം ഹൃദയത്തിലാണ്.. 

അത് കൊണ്ട് തന്നെയാകണം കുഞ്ഞിനോടൊപ്പം അവളും ഏങ്ങി കരഞ്ഞത് ..

രാത്രി ഉറങ്ങി കിടക്കുന്ന തന്റെ കുഞ്ഞിനെ നോക്കി അവളുടെ കണ്ണുകൾ വീണ്ടും ഈറനണിയുമ്പോൾ.. 

ആ രാത്രി പോലും വിടർന്ന കണ്ണുകളോടെ അവളെ നോക്കി നിൽക്കേ.. 

അത് വഴി കടന്നു പോയൊരു കുളിർ കാറ്റ് വീണ്ടും അതേറ്റു ചൊല്ലി..

അതേ!! നിഷ്കളങ്കതയ്ക്ക് അതിരുകൾ ഇല്ലാ..

Friday, 7 June 2024

പ്രണയവർണങ്ങൾ

Why Does Hearing The Sound of Waves Bring Us Peace?

ഒരു വാക്കു പോലും പറയാൻ ആകാതെ മൗനം ഒരിക്കൽ വലിയൊരു അദൃശ്യഭിത്തി അവർക്കിടയിൽ തീർത്തു..

എന്നിട്ടും പ്രണയാതുരമായ കത്തുകൾ കൈമാറിയതാകട്ടെ, നീലനിറമുള്ള കടലിന്റെ ആഴത്തിൽ പ്രണയം തുളുമ്പുന്ന അവരുടെ കണ്ണുകൾ ആയിരിക്കണം..

അതേ.. കണ്ണുകൾ ഒരിക്കലും കളവു പറയുകയില്ല.. പ്രണയത്തെ നിർവചിക്കാൻ വാക്കുകൾ എന്തിന് ??? 

നിന്നിലൂടെ ഞാൻ അറിയാതെ അറിയുന്നു നമ്മുടെ പ്രണയം.. നമ്മുടെ മനോഹരമായ പ്രണയം..

അതിനു സാക്ഷിയായി നമ്മുടെ കൂടെ ഈ അസ്തമയ സൂര്യനെ ഉള്ളിൽ ഒളിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന അലകടലും പിന്നെയീ സുന്ദര സുരഭില ഭൂമിപ്രപഞ്ചവും..

Wednesday, 22 May 2024

സെക്കന്റ് ഇന്നിംഗ്സ്

 https://encrypted-tbn0.gstatic.com/images?q=tbn:ANd9GcQUXfd-OMMMwtBpVXfSZQQMbGzjm1BoUz86lQT3dmnnlWiiLGMqIIdQa1Na55r3_l-JBbk&usqp=CAU

   പൂക്കൾ കൊഴിഞ്ഞു വീഴുന്ന പോലെ കടന്നു പോകുന്ന യൗവനം.. 

 തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങളുടെ കണക്കുകൾക്കാണ് ജീവിതത്തിന്റെ ത്രാസിൽ മുൻ‌തൂക്കം.. 

കനൽ ഒരു തരി മതി എന്ന് ആരോ പറഞ്ഞത് പോലെ ഇനിയും മരിക്കാത്ത, എന്റെയുള്ളിലെ വാശി ജീവിതത്തിൽ മുന്നേറണമെന്നു ഒരു അലാറം കണക്കെ ഓരോ നിമിഷവും ഓർമ്മിപ്പിച്ചുക്കൊണ്ടേയിരിക്കുന്നു..

സെക്കന്റ് സൂചിയുടെയും മിനിറ്റ് സൂചിയുടെയും ഒപ്പമെത്താൻ തളരാതെ പതറാതെ  ഇടറി  വീഴാതിരിക്കാൻ ഓരോ ചുവടും സൂക്ഷിച്ചു വെച്ചുകൊണ്ട് ഞാനും വീണ്ടും ഓടി തൂങ്ങുന്നു..



Tuesday, 3 September 2013

ഒരേ മനസ്സോടെ ...

The Top 10 Pros and Cons of Moving to the Beach - Cento Moving 
 
ദീർഘ  നേരത്തെ നടത്തം അവസാനിപ്പിച്ചു അവൻ പാർക്ക് ബെഞ്ചിൽ ഒന്നിൽ  ഇരുന്നു... അവന്റെ കണ്ണുകൾ  കുറച്ചകലെ മാറി ഇരിക്കുന്ന ഒരു പെണ്‍കുട്ടിയിൽ ഉടക്കി ... കാഴ്ചക്ക് തരക്കേടില്ല.. ഇടയ്ക്കിടെ  ആ പെണ്‍കുട്ടിയെ അവൻ കടൽത്തീരത്ത്  കാണാറുണ്ടായിരുന്നു .. അവസാനമായി കണ്ടത് 1 - 2 ആഴ്ച്ചകൾക്ക് മുൻപ് ആയിരിക്കണം  .. അവൾ ഇരിക്കുന്ന ബെഞ്ചിനരികിലേക്ക് നടക്കുമ്പോൾ സ്വയമറിയാതെ ഉയർന്ന നെഞ്ചിടിപ്പോർത്തു അവനു അതിശയം തോന്നി.. "വിരോധമില്ലെങ്കിൽ ഞാനും കൂടി ഇരുന്നോട്ടെ ഇവിടെ? " അവൾ ഒന്ന് ഞെട്ടിയോ??  മനോഹരമായ ഒരു പുഞ്ചിരിയാണു അവൾ മറുപടിക്ക് പകരമായി  അവനു നല്കിയത്... അതായിരുന്നു അവളുടെ സമ്മതം !!!

നനുത്ത പ്രഭാതങ്ങളിൽ അവർ വീണ്ടും വീണ്ടും കണ്ടുമുട്ടി  ... അവരുടെ സൌഹൃദത്തിനു ഒരു മൂകസാക്ഷിയായി ഉദയസൂര്യനും തിരകളടങ്ങിയ ആ കടലും നിന്നു .... അവർ ഏറെ നേരം സംസാരിക്കും; ജീവിതത്തിനെ പറ്റി; അനുഭവങ്ങളെ പറ്റി ; അവരവരുടെ കുടുംബങ്ങളെ പറ്റി ... കടലിന്റെ ആഴങ്ങളാണ് അവളുടെ വാക്കുകൾക്കു , കടലിന്റെ നിറമാണ് അവളുടെ കണ്ണുകൾക്ക്‌ ... അവനു ഏറ്റവും പ്രിയപ്പെട്ടതും അത് തന്നെ.. നീല നിറമുള്ള മിഴികളിൽ അവൾക്ക്  പറയാനുള്ള എല്ലാ വാക്കുകളും കെട്ടുപിണഞ്ഞു കിടക്കുന്നതായി തോന്നുന്നു പലപ്പോഴും ... ഒടുവിൽ ധൈര്യത്തോടെ അവൻ അവളോട്‌ പറഞ്ഞു അവന്റെ മനസ്സിൽ ഉള്ളത് മുഴുവൻ ...

മനു :- "കാവ്യാ .... എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട് ...

"എന്തെ മനു ?? " കാവ്യ ചോദിച്ചു...

അവളുടെ മിഴികളിലേക്കു നോക്കി അവൻ മെല്ലെ പറഞ്ഞു " എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ് .. വെറുതെ സമയം നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ.. നിനക്ക് സമ്മതമാണെങ്കിൽ ഞാൻ അമ്മയെയും കൂട്ടി വീട്ടിലേക്കു വരട്ടെ? 

കാവ്യ :- "ഉം ഉം വേണ്ട മനൂ .. "

"എന്തെ നീ അങ്ങനെ പറഞ്ഞത് ? " അവനു ആകെ ഒരു അങ്കലാപ്പ് ...

കാവ്യ :- " ഒന്നുല്ല ... പക്ഷെ വേണ്ട മനു .. നമുക്ക് ഈ സംസാരം ഇവിടെ നിർത്താം .. മനു ഓഫീസിൽ പൊയ്ക്കൊളൂ ... വെറുതെ സമയം കളയണ്ട..."

ഒന്നും മറുപടിയായി പറഞ്ഞില്ല .. പറയാൻ തോന്നിയില്ല ... അവൾ തിരികെ വിളിച്ചതുമില്ല ... പിന്തിരിഞ്ഞു നടന്നു ദൂരേക്ക്‌... അങ്ങ് ദൂരേക്ക്‌... എനിക്കെന്തു കുറവാണ് അവൾ കണ്ടുപിടിച്ചത്? ഇന്നും ഈ നഗരത്തിലെ അറിയപ്പെടുന്ന ഒരു ഓർഗനൈസേഷനിലെ മികച്ച ഒരു ഉദ്യോഗസ്ഥനാണ് ഞാൻ ; എന്നിട്ടും ഒന്നുമല്ലാത്തവനെ പോലെ ഇത്ര വേഗം തള്ളിക്കളയാൻ അവൾക്കു എങ്ങനെ തോന്നി?  അത് കൂടി ചോദിയ്ക്കാൻ ധൈര്യമില്ലേ എനിക്ക് ? ചോദ്യങ്ങൾക്കൊടുവിൽ അവന്റെ  നടത്തത്തിനു വേഗത കുറഞ്ഞു ... വീണ്ടും അവളെ തേടി അവന്റെ കണ്ണുകൾ പിന്നിലേക്ക്‌ നീണ്ടു ... ഒരു ചെറിയ പെണ്‍കുട്ടി അവളെയും പിടിച്ചു കൊണ്ട് അല്പ്പം അകലെയായി നടക്കുന്നു... " എന്തു  പറ്റി കാവ്യാ ...  ? ".. ദിക്കറിയാതെ ; അവന്റെ സ്വരം എവിടെ നിന്ന് വന്നുവെന്നറിയാതെ അവളുടെ കണ്ണുകൾ  ഉഴറി ... എന്ത് പറയണമെന്ന് അറിയാതെ അവൻ പകച്ചു നിൽക്കുമ്പോൾ കടൽക്കാറ്റിന്റെ ഇരമ്പലിനൊപ്പം അവളുടെ സ്വരം അവൻ കേട്ടു ...

" മനൂ ... നീ ഇപ്പൊ കാണുന്നില്ലേ ഈ കാവ്യയെ ? ഇതാണ് ഞാൻ ; ശരിക്കുള്ള കാവ്യ .. പുറം കാഴ്ചയിൽ മനം മടുക്കാത്ത , ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഈ ലോകത്തെ ഇഷ്ടപ്പെടുന്ന കാവ്യ  ... എനിക്ക് വെളിച്ചമെന്തെന്നു അറിയില്ല  മനൂ .. പുറത്തു എന്താണ് നടക്കുന്നതെന്നും എനിക്ക് അറിയില്ല... മനുവിനോട് എന്താണ് മറുപടി പറയേണ്ടതെന്ന് ഞാൻ ആലോചിച്ചു വന്നപ്പോഴേക്കും പൊയ്ക്കളഞ്ഞു അല്ലെ ? ... കഷ്ടം ഞാൻ അത് പോലും അറിഞ്ഞില്ല മനൂ .. നീ പറഞ്ഞു കേട്ട തിരക്ക് പിടിച്ച ; നിറങ്ങളും കാഴ്ചകളും എല്ലാം ഉള്ള ലോകത്തിൽ  ഈ വെളിച്ചമില്ലാത്ത കണ്ണുകൾ  ഉള്ള എനിക്ക് എങ്ങനെ മനുവിന്റെ കൂടെ വരാൻ കഴിയും ? ഞാൻ എങ്ങനെ മനുവിന്റെ കൂടെ ജീവിക്കും ? എനിക്കറിയില്ല... നമുക്കെന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കാം മനൂ... ഇതുപോലെ അവസാനം വരെ...

തിരികെ നടക്കുന്ന അവളുടെ പാദങ്ങളിലേക്ക് മിഴികളൂന്നി , കണ്ണുകൾ  നിറഞ്ഞു കാഴ്ചകൾ മറഞ്ഞു അവൻ നിന്നു ... ഇന്നുവരെ സ്വന്തം നഷ്ടക്കണക്കുകളുടെ കൂട്ടിക്കിഴിചിലുകൾ മാത്രം ശീലിച്ചിരുന്ന അവനിന്ന്  മറ്റൊരാളുടെ ഏറ്റവും വലിയ നഷ്ടത്തിനു മുൻപിൽ പകച്ചു പോയിരുന്നു... ഇന്നേ വരെ ഉണ്ടായിരുന്ന അവന്റെ പരാതികളും പരിഭവങ്ങളും അവൻ മറന്നു.. മനസ്സുകൊണ്ട് അമ്മയോട് അനുവാദം വാങ്ങി അവൻ അവൻ അവൾക്കരികിലേക്ക് നീങ്ങി ... അവളുടെ വലതു കൈത്തലം തന്റെ  ഉള്ളംക്കയ്യിലേക്ക്  ചേർത്തുവെച്ച് അവൻ അവളോട്‌ ചേർന്ന് നിന്നു... ഒരിക്കലും പിരിയില്ലെന്ന ഉറപ്പോടെ ...

പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ മനസ്സ് എല്ലാം അറിയുന്നു .. ഇപ്പോഴവന് കാണാം അവളുടെ കണ്ണുകളിലെ സന്തോഷത്തിന്റെ തിളക്കം .. കരുതലിന്റെ തണൽ .. നീർമുത്തുകൾ അടർന്നു വീഴുമ്പോൾ ശാന്തംമായി അലയടിക്കുന്ന കടലിന്റെ തീരത്തു അവർ രണ്ടു പേരും മാത്രമായി .. തോളോടുതോൾ ചേർന്നു ഉദയസൂര്യന്റെ കിരണങ്ങൾ ഏറ്റുവാങ്ങി അവർ നിന്നു  ഒരു പുതിയ ജീവിതത്തിനായ് ... ഒരു മെയ്യോടെ .. ഒരേ മനസ്സോടെ ...