എന്റെ 'അമ്മ ഒരു കണക്കു ടീച്ചർ ആയിരുന്നു.. അതിന്റേതായ ഒരു കണിശത സ്വതവേ എല്ലാ കാര്യങ്ങളിലും ഉണ്ടായിരുന്നു താനും.. ആ കൊല്ലത്തെ ക്രിതുമസിനു പുൽക്കൂടും പടക്കവും കമ്പിത്തിരിയും ഒക്കെ എങ്ങനേലും സെറ്റ് ആക്കണം എന്നും കരുതി ഞാനും അനിയനും കൂടി അമ്മയുടെ പുറകെ കൂടി.. "മേൽനോട്ടം അമ്മയുടെ വക" എന്ന ഒരൊറ്റ കണ്ടീഷനിൽ ഞാനും അനിയനും, കുറുക്കനും പുലിയും പ്രേതങ്ങളും ഉണ്ടെന്ന് പറയപ്പെടുന്ന (അഥവാ 'അമ്മ ഞങ്ങളെ പറഞ്ഞു പറ്റിച്ചിരുന്ന) ഘോര നിബിഡമായ റബർ തോട്ടത്തിലേക് പുൽക്കൂട് ഉണ്ടാക്കാൻ വേണ്ടുന്ന പുല്ലു ചെത്താൻ പോയി..
ഇച്ചിരി കഷ്ടപെട്ടാണെകിലും പുല്ലും ചെത്തി വിജയശ്രീലാളിതരായി തിരിച്ചു വന്ന ഞങ്ങൾ പുൽക്കൂട് ഉണ്ടാക്കാൻ തുടങ്ങി.. അന്ന് രാത്രി മുതൽ കരോളുകാര് വരും.. ഡിസംബർ തുടങ്ങി കഴിഞ്ഞാൽ ആ ചുറ്റുവട്ടത്തുള്ള പള്ളിക്കാരും കരോളുകാരും ഒക്കെ വലിയ വാൽനക്ഷത്രം ഉണ്ടാക്കാൻ ഞങ്ങടെ വീട്ടീന്നാ ഇല്ലിക്കമ്പു ഒടിക്കുന്നെ.. അവര് ടീം ആയിട്ട് റബര് തോട്ടത്തിൽ പ്രാക്ടീസ് ചെയുന്നത് ഞങ്ങൾക്ക് ഡിസംബർ തുടങ്ങി കഴിഞ്ഞാൽ എന്നും കേൾക്കാം .. കുറച്ചു ഉള്ളിലേക്കു ആയതു കൊണ്ട് കരോളുകാർക് ഒരിക്കലും ഞങ്ങടെ വീട് മിസ് ആകാതെ ഇരിക്കാൻ ഞാനും അനിയനും മാറി മാറി ക്രിസ്മസ് സ്റ്റാറിൽ ഇട്ടിരിക്കുന്ന ബൾബിന്റെ സ്വിച്ച് മിന്നിച്ചോണ്ട് ഇരിക്കും.. ഓർമ്മകൾ എപ്പോഴും അങ്ങനെ ആണ്.. നമ്മൾ മറക്കാതെ ഇരിക്കാൻ അവർ മിന്നി മിന്നി തെളിഞ്ഞു കൊണ്ടേ ഇരിക്കും..
കരോളുകാര് ഞെട്ടണം കൂട്ടത്തിൽ ഞങ്ങടെ അച്ചാച്ചനും (aka അച്ഛൻ) എന്ന ഒറ്റ ഉദ്ദേശത്തിൽ പണി തകൃതിയായി നടക്കുന്നു.. 'അമ്മ ഇടക്ക് ഇടക്ക് സൂപ്പർവൈസ് ചെയുന്നു.. നേരം സന്ധ്യയായി.. അങ്ങനെ നമ്മടെ പുൽക്കൂട്, മനോഹരമായി അലങ്കരിച്ച ഞങ്ങളുടെ നാച്ചുറൽ ക്രിസ്മസ് ട്രീ ആയ പേരമരത്തിന്റെ ചുവട്ടിൽ അതിലും മനോഹരമായി ഉയർന്നു നിന്നു.. സബാഷ്!!! നന്നായിരിക്കുന്നു!! അപ്പച്ചനും അമ്മച്ചിയും അഭിനന്ദനങ്ങൾ കൊണ്ട് മൂടി .. ഭാവിയിൽ ജോലി ഒന്നും കിട്ടിയില്ലെങ്കിലും പുൽക്കൂട് ഉണ്ടാക്കിയാണേലും ജീവിക്കാൻ ഉള്ള വക കണ്ടെത്തിക്കോളും എന്ന് അവർക്കു തോന്നിക്കാണും.. അമ്മയുടെ മുഖത്തു അത്ര തെളിച്ചം പോരാ .. "അവിടെ മേശേടെ അകത്തു ചവറു പോലെ കുറെ ക്രിസ്തുമസ് കാർഡ് കൂട്ടി ഇട്ടിട്ടുണ്ടല്ലോ.. അതൊക്കെ ഇനി എന്നാത്തിനാ വെച്ചേക്കുന്നേ? അതൂടെ പുൽക്കൂട്ടിൽ കൊണ്ട് വെചേക്ക് .. ഇച്ചിരി കൂടി കളർ ആവട്ടെ.." അമ്മ പറഞ്ഞു..
"ശെടാ.. ഈ ബുദ്ധി എന്താടാ നമുക്ക് നേരത്തേ തോന്നാഞ്ഞതു കിച്ചൂ? എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോടീ" എന്ന് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുംകൊണ്ട് ജീവിതത്തിൽ അന്നേവരെ കിട്ടിയ എല്ലാ ആശംസ കാർഡുകളും ആ പുൽക്കൂട്ടിൽ കൊണ്ട് വെച്ചു.. വിലപിടിപ്പുള്ള (അന്നത്തെ കാലത്തു അതൊക്കെയല്ലേ നമുക്ക് ഏറ്റവും വിലയുള്ളത്.. ഇന്നാണെങ്കിലോ പതിന്മടങ്ങു വിലയും..) സാധനങ്ങൾ ആയതു കൊണ്ട് ആരും എടുത്തോണ്ട് പോകാതെ ഇരിക്കാൻ എനിക്കും അനിയനും ഏറ്റവും ഇഷ്ടമുള്ള ചുവന്ന നിറത്തിലെ പട്ടികുട്ടിയുടെ പ്ലാസ്റ്റിക് പാവയും പുൽക്കൂടിന്റെ മുന്നിൽ തന്നെ വെച്ചു.. ചുരുക്കി പറഞ്ഞാൽ ഉണ്ണി ഈശോയെ കാണണേൽ പട്ടികുട്ടി സമ്മതിക്കണം..
സന്ധ്യക്ക് പ്രാർത്ഥന ഒക്കെ കഴിഞ്ഞു ഞങ്ങൾ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ടു.. അപ്പച്ചൻ, അമ്മച്ചി, 'അമ്മ, ഞാൻ, കിച്ചു എല്ലാരും കൂടി കമ്പിത്തിരി, മത്താപ്പൂ, ഏറുപടക്കം, തറച്ചക്ക്രം ഇത്യാദി സാധനങ്ങൾ സിറ്റ്ഔട്ടിൽ നിരത്തി.. ചെസ്സ് നമ്പർ 1 ഓൺ സ്റ്റേജ് - അതെ കമ്പിത്തിരി ഇതാ പലനിറത്തിൽ പലവിധത്തിൽ.. വില തുച്ഛം ഗുണം മെച്ചം എന്ന് തെളിയിച്ചു കൊണ്ട് പിന്നാലെ തറച്ചക്ക്രം വന്നു പാമ്പിൻ ഗുളിക വന്നു.. അങ്ങനെ അങ്ങനെ.. ഇനി പടക്കം എടുക്കാം എന്ന് ഞാൻ.. വേണ്ട പടക്കം കലാശക്കൊട്ടിന്, ഇപ്പൊ മത്താപ്പൂ മതിയെന്നു അനിയൻ.. ഭൂരിപക്ഷ വോട്ട് സ്വാഭാവികമായും ഇളയതായതു കൊണ്ട് അവനു പോകുന്ന അമര്ഷത്തിൽ ഞാൻ പറഞ്ഞു, "മത്താപ്പൂ കത്തിക്കുവാണേൽ ഒന്നിച്ചു പിടിച്ചു കത്തിക്കും".. ഹല്ലേ നമ്മളോടാ കളി..
"എങ്ങനെ വേണേലും ആയിക്കോ, രണ്ടും കൂടി വീടിനു തീ ഇടരുത്.. ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം.." എന്ന് അമ്മയും..
മത്താപ്പൂവിനെ ഞങ്ങൾ പുൽക്കൂടിന്റെ മുന്നിലേക്ക് ആനയിച്ചു.. ഒന്നിച്ചൊരു ഉൽഘാടനം ചെയുന്ന ഗമയിൽ ഞങ്ങൾ രണ്ടു പേരും തിരി കൊളുത്തി..
ഭും!!! ഒരു ഇടിവെട്ട് .. കൂട്ടത്തിൽ ഒരു മിന്നൽ.. പിന്നെ സർവത്ര പുകമയം.. ശുഭം!!!
"അയ്യോ, എന്റെ കൊച്ചുങ്ങൾ.." എന്ന് അലറിക്കരഞോണ്ട് 'അമ്മ പാഞ്ഞെത്തി.. "ഹോ എന്നാ സൂക്കേടാ ഈ പിള്ളേർക്ക്" എന്നും പറഞ്ഞു അമ്മച്ചിയും, ഇനി പൊട്ടാൻ ഒന്നും ബാക്കിയില്ല എന്ന ഭാവത്തിൽ അപ്പച്ചനും അകത്തേക്ക് വലിഞ്ഞു.. ഇനി അമ്മയുടെ വക സംഹാര താണ്ഡവം.. മത്താപ്പൂ പൊട്ടിത്തെറിച്ചതിനു ചറപറാ കിട്ടിയ അടിയിൽ (അതായിരുന്നു അന്നത്തെ കീഴ്‌വഴക്കം) കണ്ണിൽ നിന്ന് പറന്ന പൊന്നീച്ച ഒന്ന് അടങ്ങിയപ്പോൾ ഞാൻ ചുറ്റും ഒന്ന് നോക്കി..
Note the point: അടി മൂത്തവർക്ക് മാത്രമേ ഉള്ളൂ കേട്ടോ 😭
വെടിമരുന്നു ദേഹത്ത് വീണിട്ട് വെള്ളിനിറത്തിൽ നിൽക്കുന്ന ഞാനും അനിയനും, ചുവന്ന നിറം പോയിട്ട് അതേ വെള്ളി നിറത്തിൽ മിന്നി തിളങ്ങുന്ന പട്ടികുട്ടിയും ഇനി അടിക്കല്ലേ 🙏 എന്ന ഭാവത്തിൽ നിൽക്കുന്നു.. മത്താപ്പൂ കത്തി തീർന്നിട്ടും ഇത്രേം വെളിച്ചം വീണ്ടും എവിടുന്നാ എന്ന് നോക്കിയപ്പോഴല്ലേ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ പാഞ്ഞത്.. തീ മിന്നൽ തിളങ്ങി കാറ്റും കോളും തുടങ്ങി.. yesssss.. അതെ സുഹൃത്തുക്കളെ.. ഒരിക്കലും കണക്കിൽ പിഴക്കാത്ത അമ്മയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് അതാ ഞങ്ങടെ പുൽക്കൂട് നിന്ന് കത്തുന്നു.. കൂട്ടത്തിൽ പേരമരവും തോരണങ്ങളും ക്രിസ്തുമസ് നക്ഷത്രങ്ങളും..
പിന്നെ ഒരോട്ടം ആയിരുന്നു തീ അണയ്ക്കാൻ.. ഫയർ എൻജിൻ വിളിക്കണോ അമ്മേ?? എന്ന് ചോദിക്കാൻ ഉള്ള പേടി കാരണം ഞാനും അനിയനും വളരെ ആത്മാർത്ഥമായി കിണറ്റിൽ നിന്ന് വെള്ളം കോരിക്കോരി ഒഴിച്ചു തീ കെടുത്താൻ ആഞ്ഞു പരിശ്രമിച്ചു.. "കടുവ" എന്ന് അന്ന് ഞങ്ങൾ വിളിച്ചിരുന്ന അച്ചാച്ചൻ വരുന്നേനു മുന്നേ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മുറ്റം ഇരിക്കണം, ഇല്ലെങ്കിൽ വീട് നിന്ന് കത്തും (വീണ്ടും അതായിരുന്നു അന്നത്തെ കീഴ്‌വഴക്കം)..
ഇന്നലെ എന്റെ 4 വയസ്സുള്ള മകൻ ക്രിസ്തുമസ് ട്രീ ഒരുക്കുന്ന കൂട്ടത്തിൽ "ഇനി നമുക്കൊരു പുൽക്കൂടും കൂടി വേണം ഉണ്ണി ഈശോനെ വെക്കാൻ" എന്ന് പറഞ്ഞപ്പോ വർഷങ്ങൾക് ശേഷം എന്റെ ഓർമയിൽ ഒരു കൊച്ചു സുകന്യയും കിച്ചുവും ഞങ്ങടെ ആ കുഞ്ഞു പുൽക്കൂടും യമണ്ടൻ മത്താപ്പൂവും പിന്നെ ഞങ്ങളെ വിട്ടു പിരിഞ്ഞ ഞങ്ങടെ അമ്മയെയും ഓര്മ വന്നു.. ഒരിക്കൽ കൂടി ആ ഓർമകളിലേക്ക് മടങ്ങുവാൻ വീണ്ടുമൊരു ക്രിസ്തുമസ് കാലം വരവായി..
എല്ലാര്ക്കും ഞങ്ങടെ വക ക്രിസ്തുമസ് ആശംസകൾ!!!
NB: ഫോട്ടോയിൽ ഉള്ളത് എന്റെ മകൻ മാധവ് ഒരുക്കിയ ക്രിസ്തുമസ് ട്രീ 🎄 🌟 💓

No comments:
Post a Comment