Pages

Friday 20 May 2011

ഒരു ഓര്‍മ്മകുറിപ്പ്

ആരോ എന്നെ വിളിക്കുന്നത്‌ പോലെ തോന്നിയിട്ടാണ് രാവിലെ ഉറക്കം ഉണര്‍ന്നത്... ഇല്ല ... , ആരും എന്നെ  വിളിച്ചിട്ടില്ല... പതിവ് പോലെ തന്നെ എന്‍റെ കൂട്ടുകാര്‍ ഓഫീസില്‍ പോകാനുള്ള തിരക്കിലാണ് .... എന്തോ ഒരു ഉന്മേഷക്കുറവ്.... വീട്ടിലേക്കു  പോയാലോ എന്ന ചിന്ത മനസ്സിലേക്ക് വന്നു... ഒരു ചെറിയ ആശയക്കുഴപ്പത്തിനൊടുവില്‍ പോകണം എന്നു തന്നെ ഞാന്‍ തീരുമാനിച്ചു..

റൂം മേറ്റ്സ്നോട് പറഞ്ഞപ്പോള്‍, അവര്‍ക്ക് അത്ഭുതം., കൂടെ ഒരു ചോദ്യവും ...."എന്ത് പറ്റി നിനക്ക് ???" എനിക്ക് മറുപടി പറയാന്‍ തോന്നിയില്ല ...ഒരു പക്ഷേ  എന്‍റെ മറുപടി അവര്‍ക്ക് ചിലപ്പോള്‍ ഒരു തമാശ പോലെ തോന്നിയാലോ ??  ഒന്നും പറയാതെ  പെട്ടന്ന് ഒരുങ്ങി ഇറങ്ങി ...   ബസ്‌ കയറാന്‍ നിന്നപ്പോള്‍  എന്‍റെ ബാല്യകാല സുഹൃത്തുക്കളെ കൂടെ കൂട്ടാം എന്നൊരു തോന്നല്‍.... അവരെ ഫോണ്‍ വിളിച്ചു ചോദിച്ചു "  ഇന്ന് നിങ്ങള്‍ ഫ്രീ ആണോ ??? ആണെങ്കില്‍  നമുക്ക് നമ്മുടെ പഴയ സ്കൂളിലേക്ക് പോയാലോ ???

എല്ലാര്‍ക്കും വല്യ ഉത്സാഹം...അങ്ങനെ ഞാന്‍ എന്‍റെ  സുഹൃത്തുക്കളെ കാണാനായി തുടിക്കുന്ന മനസ്സോടെ ഓരോ നിമിഷവും തള്ളി നീക്കി.... എന്തോ ബസ്‌ ഇറങ്ങി സ്കൂളിലേക്ക് നടക്കുമ്പോള്‍ ചിരിയോ കരച്ചിലോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് ഞാന്‍ എന്നു തോന്നി...

"സുകൂ ................." എന്‍റെ കൂട്ടുകാര്‍ ആര്‍ത്തു വിളിച്ചു കൊണ്ട് ഓടി എന്‍റെ അടുക്കലേക്കു വന്നു ...അവരുടെ കണ്ണുകളിലും ഞാന്‍ അല്പം മുന്‍പ് അനുഭവിച്ച വികാര തീവ്രതയുടെ അംശങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു ഇപ്പോള്‍..

പണ്ടു ഞങ്ങള്‍ പഠിച്ചിരുന്ന ക്ലാസ്സ്‌ മുറികളും , ഓടി നടന്നിരുന്ന ഇടനാഴികളും സ്കൂള്‍ മുറ്റവും എല്ലാം ഒരിക്കല്‍ കൂടി  ഞാന്‍ കണ്ടു .... ഞങ്ങള്‍ വീണ്ടും പഴയ സ്കൂള്‍ കുട്ടികളായി..... ഉറക്കെ ചിരിച്ചും , ബഹളം വെച്ചു കിളികളെ ഓടിച്ചും ഞങ്ങള്‍ എല്ലാരും അവിടെ  കളിച്ചു നടന്നു...

സ്കൂള്‍ കാലത്ത് പറയാന്‍ മറന്നു പോയ പല കാര്യങ്ങളും, ആ കാലത്ത് നടന്ന തമാശകളും ഒക്കെ പറഞ്ഞു നേരം പോയത് അറിഞ്ഞില്ല. എത്ര പറഞ്ഞാലും കേട്ടാലും മതി വരാതെ , ഓരോന്നും ഓര്‍ത്തു ഓര്‍ത്തു ചിരിച്ചു കൊണ്ടിരുന്നു ഞങ്ങള്‍  ഓരോരുത്തരും ...സമയത്തെ കുറിച്ചോര്‍ത്തു എപ്പോഴും വേവലാതി പെട്ടുകൊണ്ടിരുന്ന ഞങ്ങള്‍ ഇപ്പോള്‍ അതിനെ കുറിച്ച് സമയം കളയാത്തതിനെ  പറ്റി ഓര്‍ത്തു ഞങ്ങള്‍ക്ക് സ്വയം ഒരു അഭിമാനം തോന്നി ....

സമയം സന്ധ്യയാകുന്നു .....എല്ലാര്‍ക്കും വീടെത്തണം, കൂട്ടത്തില്‍ എനിക്കും .....ഒടുവില്‍ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ ഇനി അടുത്ത തവണ കാണുമ്പോള്‍ പറയാം  എന്നു തീരുമാനിച്ചു ... "അല്ലാ, ഇനി എന്നാണ് നമ്മള്‍ ഇത് പോലെ ??? " ആരോ ഉറക്കെ ചോദിച്ചു ... ഞാന്‍ ഒരു മറുപടിക്കായി കാതോര്‍ത്തു .. ഇല്ല ആ ചോദ്യത്തിന്  ആരുടെയും കൈയ്യില്‍ മറുപടി ഇല്ല ...

ഞങ്ങളുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും സന്തോഷങ്ങളും മാറ്റി വെച്ചു ഓരോരുത്തരും സ്വന്തം തിരക്കുകളിലേക്കു മടങ്ങാന്‍ ധൃതി കൂട്ടിയപ്പോള്‍ , ഞാന്‍ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി , കാതോര്‍ത്തു .... എന്‍റെ ഓര്‍മകളിലേക്ക് .... എവിടെയോ ഒരു പാവാടക്കാരിയുടെ  കൊലുസ്സിന്‍റെ കിലുക്കം കേള്‍ക്കുന്നുണ്ടോ ... എന്‍റെ കൂട്ടുകാരുടെ പൊട്ടിച്ചിരികള്‍ എങ്കിലും കേള്‍ക്കുന്നുണ്ടോ ... 


ഒരു പക്ഷേ എന്‍റെ തോന്നലുകള്‍ ഭ്രാന്തമായി തോന്നിയേക്കാം , എങ്കിലും ..... എന്‍റെ ഓര്‍മ്മകള്‍ക്ക്  ഒരു ഇടവേള കൊടുത്തു , ഒടുവില്‍ ഞാനും ആ പടിക്കെട്ടുകള്‍  ഓടിയിറങ്ങി .. എന്‍റെ മാത്രം തിരക്കുകളിലേക്ക്....

2 comments: